പാകിസ്താനില്‍ നിന്നുള്ള യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ വിലക്കി. മുന്‍ ക്രിക്കറ്റര്‍ ഷോയിബ് അക്തര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ വിലക്കി. പാകിസ്താനില്‍ നിന്നുള്ള സമ ടി വി, ബോള്‍ ന്യൂസ്, ഡോണ്‍ ന്യൂസ്, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 യുട്യൂബ് ചാനലുകള്‍ക്കും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയില്‍ റിപ്പോര്‍ട്ടിങ് പാടില്ലെന്നും ബിബിസിക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കനത്ത ജാഗ്രതയിലാണ്.
പാക് പൗരന്‍മാരുടെ ഇന്ത്യയില്‍ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. പരമാവധി പേര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ പാകിസ്താന്‍ പൗരന്മാരുണ്ടായിരുന്നത് മഹാരാഷ്ട്രയിലാണ്. 5000 ത്തിലധികം പാക് പൗരന്മാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗമാളുകള്‍ക്കും ദീര്‍ഘകാല വിസകള്‍ കൈവശമുള്ളവരാണ്. ഇവര്‍ക്ക് ചില ഇളവുകളുണ്ട്. മെഡിക്കല്‍ വിസയില്‍ തുടരുന്ന പാക് പൗരന്മാര്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാന്‍ പാക് പൗരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നത്. ഇതിനകം 537 പാകിസ്താനികള്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നു. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. തുടര്‍ച്ചയായ നാലാം ദിവസവും നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പ്രകോപനമുണ്ടായി. ഭീകരാക്രമണത്തില്‍ ഇന്ത്യ കടുത്ത നടപടിക്കെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. നാവികസേനയ്ക്ക് കരുത്തേകാന്‍ റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പുവയ്ക്കും. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ ആയുധങ്ങള്‍ കൈമാറാനാണ് ചൈനയുടെ നീക്കം. ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകള്‍ക്കിടെയാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും.









