
തൊടുപുഴ: ജില്ലയില്‍ വൈദ്യുതി മോഷണത്തിനും ദുരുപയോഗത്തിനും കുറവില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വൈദ്യുതി മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 31 കേസുകളിലായി 28,46,646 രൂപയാണ് പിഴ ഈടാക്കിയത്.സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ ഇടുക്കി യൂനിറ്റ് നടത്തിയ 998 പരിശോധനകളില്‍നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മോഷണവും ദുരുപയോഗവും കണ്ടെത്തിയത്. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് 9,41,451 രൂപയും ദുരുപയോഗവുമായി ബന്ധപ്പെട്ട് 19,05,195 രൂപയുമാണ് പിഴ ചുമത്തിയത്.കഴിഞ്ഞ സാമ്പത്തികവര്‍ഷം 1991 പരിശോധനകള്‍ നടത്തിയതില്‍ 102 അപാകതകളില്‍നിന്ന് 44,81,882 രൂപ പിഴ ചുമത്തി. ഇതില്‍ 27 വൈദ്യുതി മോഷണങ്ങളില്‍നിന്ന് 19,87,760 രൂപയും 75 വൈദ്യുതി ദുരുപയോഗ കേസുകളില്‍നിന്ന് 24,94,122 രൂപ പിഴയുമാണ് ചുമത്തിയത്.മോഷണത്തിന് ഉന്നതര്‍ വരെ ഉപഭോഗത്തില്‍ കൃത്രിമം നടത്തി വൈദ്യുതി ബോര്‍ഡിനെ കബളിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതില്‍ സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുണ്ടെന്ന് ആന്റി പവര്‍ തെഫ്റ്റ് സ്വാഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.വൈദ്യുതി മോഷ്ടിക്കുന്നതില്‍ എല്ലാ വിഭാഗം ഉപഭോക്താക്കളുമുണ്ട്. മീറ്ററിലേക്ക് വൈദ്യുതി എത്താതെ നേരിട്ടെടുക്കുകയും ഇതുവഴി ഉപഭോഗത്തിന്റെ അളവ് കൃത്രിമമായി കുറച്ചുകാണിക്കുകയും ചെയ്യുന്ന രീതിയാണ് മോഷണത്തിന് പലരും അവലംബിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പീരുമേട് പിടികൂടിയ സംഭവത്തില്‍ വിരമിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരനും ബന്ധുക്കളും ചേര്‍ന്ന് ഒരു വര്‍ഷമായി വൈദ്യുതി മോഷണം നടത്തിയിരുന്നതായി ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കണ്ടെത്തി ഇവര്‍ക്ക് പിഴ ഈടാക്കിയിരുന്നു. ഇവരുടെ വീട്ടിലേക്കുള്ള ലൈനില്‍ മീറ്ററിന് മുമ്പായി ലൂപ്പ് സ്ഥാപിച്ചാണ് വൈദ്യുതി മോഷ്ടിച്ചിരുന്നത്.എന്താണ് മോഷണം ലൈനുകളില്‍ നിന്നോ സര്‍വിസ് വയറുകളില്‍ നിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളില്‍ നിന്നോ മീറ്ററില്‍ രേഖപ്പെടുതാത്ത തരത്തില്‍ ടാപ് ചെയ്ത് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് വൈദ്യുതി മോഷണത്തിന്റെ പരിധിയില്‍ വരും.വൈദ്യുതി മീറ്ററുകളിലോ അനുബന്ധ മീറ്ററിങ് ഉപകരണങ്ങളിലോ ക്രമക്കേട് നടത്തിയോ മീറ്റര്‍ ഉപയോഗശൂന്യമാക്കിയോ കൃത്യമായ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താതിരിക്കുന്നതും ഉയര്‍ന്ന വോള്‍ട്ടേജ് കടത്തിവിടുക, വിദൂര വിനിമയ സംവിധാനം ഉപയോഗിക്കുക, ഏതെങ്കിലും വസ്തുക്കള്‍ മീറ്ററിലെ സര്‍ക്യൂട്ട് ബോര്‍ഡില്‍ ഘടിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കൃത്യമായി രേഖപ്പെടുത്തുന്നതിന് തടസ്സം നില്‍ക്കുക, അനുവദിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനല്ലാത്ത ദുരുദ്ദേശപരമായും മീറ്ററില്‍ രേഖപ്പെടുത്താതെയും മറ്റ് ആവശ്യങ്ങള്‍ക്കായി വൈദ്യുതി ദുരുപയോഗം ചെയ്യുക എന്നിവയെല്ലാം വൈദ്യുതി മോഷണത്തില്‍പെടും.വിവരം അറിയിച്ചാല്‍ പ്രതിഫലം വൈദ്യുതി മോഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനും കെ.എസ്.ഇ.ബി തയാറാണ്. മോഷണം അറിയിക്കുന്ന ആളുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.ഹൈറേഞ്ച് മേഖലകളില്‍ കാര്‍ഷിക-വാണിജ്യ മേഖലകളില്‍ നേരത്തേ കുറ്റകൃത്യങ്ങള്‍ കൂടിയിരുന്നെങ്കിലും പരിശോധന കര്‍ക്കശമാക്കിയതോടെ എണ്ണം കുറഞ്ഞിട്ടുണ്ട്.ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ വൈദ്യുതി മോഷണങ്ങളും നടക്കുന്നത്. ജില്ലയിലെ വൈദ്യുതി മോഷണം സംബന്ധിച്ച പരാതികളില്‍ പരിശോധന നടത്തി നടപടിയെടുക്കുന്നത് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡാണ്. അസി. എകസിക്യൂട്ടിവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍, ലൈന്‍മാന്‍ ,ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡ്.വൈദ്യുതി മോഷണങ്ങളെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ 04862 235281, 9446008164 എന്നീ നമ്ബറുകളിലാണ് അറിയിക്കേണ്ടത്.








