Home National ശത്രുസേനയെ അതിര്‍ത്തി കടന്നു തുരത്താന്‍ മിന്നല്‍ പ്രഹര സംഘം

ശത്രുസേനയെ അതിര്‍ത്തി കടന്നു തുരത്താന്‍ മിന്നല്‍ പ്രഹര സംഘം

1
0

ന്യൂഡല്‍ഹി: ശത്രുസേനയ്‌ക്കെതിതെ അതിര്‍ത്തി കടന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നല്‍കാന്‍ മിന്നല്‍പ്രഹര സംഘത്തിനു രൂപം കൊടുക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. കര, വ്യോമ, നാവിക സേനകളിലെ മികച്ച പോരാളികളെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക ‘മിന്നല്‍ പ്രഹര’ സംഘം രൂപീകരിക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ അതിര്‍ത്തി കടന്നെത്തി അധികനാശം വിതയ്ക്കാന്‍ പര്യാപ്തമായ പ്രത്യേക സംഘം രൂപീകരിക്കാനാണു ശ്രമമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.
2016 സെപ്റ്റംബറില്‍ രാജ്യത്തെ പ്രത്യേക സേനകള്‍ അതിര്‍ത്തി കടന്ന് ഏഴു തീവ്രവാദ പോര്‍മുഖങ്ങളിലേക്കു നടത്തിയ മിന്നല്‍ ആക്രമണത്തിനു സമാനസാഹചര്യങ്ങളില്‍ നിയോഗിക്കാനാണു പ്രത്യേക സേനാ സംഘത്തെ രൂപീകരിക്കുന്നത്.
കര, നാവിക, വ്യോമ സേനകള്‍ക്ക് പാരാ സ്‌പെഷല്‍ ഫോഴ്‌സ്(കരസേന), ഗരുഡ്(വ്യോമസേന), മറൈന്‍ കമാന്‍ഡോമാര്‍ക്കോസ്(നാവികസേന) എന്നിങ്ങനെ പ്രത്യേക കമാന്‍ഡോ വിഭാഗങ്ങളുണ്ട്. യുദ്ധതന്ത്രത്തില്‍ രാജ്യാന്തര മികവു കാട്ടുന്ന ഈ വീരയോദ്ധാക്കളില്‍ നിന്നാണു മിന്നല്‍ ആക്രമണത്തിനു സജ്ജമായ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. കരസേനാ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ ആസൂത്രണത്തിനും നടപ്പാക്കലിനും രണ്ടു വിഭാഗങ്ങളാണുണ്ടാകുക.
ആസൂത്രണത്തിനുള്ള വിഭാഗത്തില്‍ 96 പേരും അതു നടപ്പാക്കാനുളള വിഭാഗത്തില്‍ 124 പേരും ഉള്‍പ്പെടെ 220 പേരെ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. നടപടിക്കുള്ള വിഭാഗത്തെ ലോകത്തെ ഇത്തരം പ്രത്യേക സേനകളില്‍ ഉള്ളതു പോലെ ആക്രമണം, പിന്തുണ എന്ന തരത്തില്‍ വീണ്ടും രണ്ടായി തിരിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പദ്ധതി പ്രകാരമാണ് ഇത്തരം ഒരു പ്രത്യേക സംഘത്തിനു രൂപം നല്‍കിയതെന്ന് ദേശീയ സുരക്ഷാ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here