Home Breaking News ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല; ഉത്സവം മാറ്റിവച്ചു

ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല; ഉത്സവം മാറ്റിവച്ചു

2
0

തിരുവനന്തപുരം: ശബരിമലയിൽ മാസപൂജാ സമയത്ത് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ നിലപാടിന് വഴങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിൽ ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്സവം മാറ്റിവയ്ക്കാനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

നിലവിലുള്ള സാഹചര്യം പരിഗണിച്ച് ശബരിമല ധർമശാസ്താ ക്ഷേത്ര സന്നിധാനത്ത് ഭക്തർക്ക് പ്രവേശനം നൽകുന്നത് ഒഴിവാക്കണമെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനര് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ നിർണായക ഇടപെടൽ.

തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ് തീർത്ഥാടകർ കൂടുതലായി എത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ രോഗ വ്യാപനത്തിന്റെ തോത് കൂടുതലാണ്. അവിടെ നിന്നുള്ളവർ അടക്കമുള്ള ഭക്തരെ സന്നിധാനത്ത് എത്താൻ അനുവദിക്കുന്നത് വൈറസ് ബാധ വർധിക്കാൻ ഇടയാക്കുമെന്ന ആശങ്കയും തന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. മിഥുനമാസ പൂജകൾക്കായി 14ന് ആണ് ശബരിമല നട തുറക്കേണ്ടത്. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവുമാണു നടക്കേണ്ടത്. മാർച്ചിൽ നടക്കേണ്ടണ്ടിയിരുന്ന ഉത്സവ ചടങ്ങുകളാണ് മാറ്റിവച്ചത്. ഇത് കുറച്ചുകൂടി നീട്ടിവയ്ക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയിലേക്ക് തീർത്ഥാടകർ എത്തുന്നത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ തന്ത്രിയും മേൽശാന്തിയും അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടി വരും. ഇത് ഉത്സവചടങ്ങുകളെയും പുറപ്പെടാശാന്തിയുൾപ്പെടെയുള്ള ശബരിമലയുടെ ആചാരങ്ങളെയും ബാധിക്കുമെന്നും ആശങ്ക ഉയർത്തിയിരുന്നു. വിഷയത്തിൽ ഹിന്ദുസംഘടനകളും കർശന നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ശബരിമലയിൽ ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നു തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here