തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുക. യുവതി പ്രവേശ വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ആവശ്യമെങ്കില്‍ സുപ്രീം കോടതി മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതുസംബന്ധിച്ച് ഹര്‍ജി ബുധനാഴ്ച സമര്‍പ്പിച്ചേക്കും.
ഹൈക്കോടതി നിയമിച്ച മൂന്നംഗ നിരീക്ഷക സമിതി തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. നിരോധനാജ്ഞ ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ തല്‍ക്കാലം സമിതി ഇടപെടില്ല. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതിയുടെ ആദ്യ യോഗം ആലുവയില്‍ ചേര്‍ന്നു. സമിതി അംഗങ്ങളായ ജസ്റ്റിസ് പി ആര്‍ രാമന്‍, എസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരെ കൂടാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, ബോര്‍ഡ് മെമ്പര്‍ ശങ്കര്‍ദാസ്, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു എന്നിവരും ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയറും യോഗത്തില്‍ പങ്കെടുത്തു. ഭക്തരുടെ അടിസ്ഥന സൗകര്യങ്ങളായ ഭക്ഷണം, കുടിവെള്ളം ശൗചലയ സൗകര്യങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനാണ് സമിതി മുന്‍ഗണന നല്‍കുക.





