കൊളംബോ: ശ്രീലങ്കയില്‍ റെനില്‍ വിക്രമ സിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ രാജ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ) സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായത്. പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തിലായിരുന്നു രജപക്ഷൈയുടെ സത്യപ്രതിജ്ഞ.
രാജപാക്സെയ്ക്കും സിരിസേനയ്ക്കുമായി 95 അംഗങ്ങളുടെ പിന്തുണയാണ് സഭയിലുള്ളത്. വിക്രമസിംഗെയുടെ യു.എന്‍.പിക്ക് 106 അംഗങ്ങളുണ്ട്. രാജപാക്സെയെ പ്രധാനമന്ത്രി ആക്കിയത് ശ്രീലങ്കയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് വഴിതെളിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഭരണഘടന അനുസരിച്ച് വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയെ പുറത്താക്കാനാവില്ല.
2015 ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്. ര
റെനില്‍ വിക്രമസിംഗെയുമായുള്ള ഭിന്നതകളെത്തുടര്‍ന്നാണ് സര്‍ക്കാരിനുള്ള പിന്തുണ സിരിസേന പിന്‍വലിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ രാജപാക്സെയുടെ പാര്‍ട്ടി മികച്ച വിജയം നേടിയുന്നു. ശ്രീലങ്കയിലെ സഖ്യകക്ഷി സര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ തെളിവാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
തന്നെ വധിക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയ്ക്കെതിരെ സഖ്യകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു.എന്‍.പി) ശക്തമായി രംഗത്തെത്തിയില്ലെന്ന ആരോപണം സിരിസേന കഴിഞ്ഞയാഴ്ച ഉന്നയിച്ചിരുന്നു. ശ്രീലങ്കന്‍ സാമ്പത്തിക നയം മുതല്‍ ഭരണം വരെയുള്ള വിഷയങ്ങളില്‍ സിരിസേനയും വിക്രമസിംഗെയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.




