കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ വീടുകളിലാണ് പൊലീസ് ഒരേസമയം പരിശോധന നടത്തിയത്. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം അഞ്ച് എസ്‌ഐമാരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്ഡ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.
രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഇതില്‍ ചുങ്കത്തെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. മറ്റ് മൂന്ന് വീടുകളിലെ പരിശോധനകള്‍ പുരോഗമിക്കുകയാണ്. പ്രതികളായ രണ്ട് കുട്ടികളുടെ മാതാപിതാക്കളുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപമുള്ള ട്യൂഷന്‍ സെന്ററിന് അടുത്താണ് താമരശ്ശേരി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്എസ്എസിലെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഞായറാഴ്ചയിലെ ഒരു പരിപാടിയില്‍ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡാന്‍സ് പാതി വഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് താമരശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂവിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അധ്യാപകര്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും പിന്നീട് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.



