തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കോവിഡ് സാമൂഹിക വ്യാപനമില്ലെന്നും ഭാവയിൽ അതുണ്ടാവില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ട് പേരിൽ മാത്രമാണ് കോവിഡ് ഉറവിടം കണ്ടെത്താൻ കഴിയാത്തത്. അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഉറവിടം അറിയാത്ത ഒരു രോഗിയിൽ നിന്ന് പോലും ഒരു ക്ലസ്റ്റർ കേരളത്തിൽ രൂപപ്പെട്ടില്ല. ഇതിനാൽ സമൂഹ വ്യാപനമില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഗൾഫിൽ നിന്ന് പത്തനംതിട്ടയിലെത്തിയ കോവിഡ് ബാധിച്ച തൊടുപുഴ സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതിനാൽ കഴിഞ്ഞില്ല. ആരും മരണപ്പെടാതെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ തന്നെയാണ് ശ്രമം.
സംസ്ഥാനത്ത് കോവിഡിന്റെ അടുത്ത വേവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മെയ് ഏഴ് വരെ കേരളത്തിൽ 512 രോഗികളേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് മരണങ്ങൾ അന്ന് സംഭവിച്ചിരുന്നു. ബാക്കിയെല്ലാവരേയും അസുഖം ഭേദമാക്കി വീട്ടിലേക്ക് അയക്കാൻ സാധിച്ചു. എന്നാൽ ഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിച്ചപ്പോൾ ആകാശമാർഗവും റോഡ് മാർഗവും കപ്പൽ മാർഗവും ആളുകൾ വരാൻ തുടങ്ങി. ഇപ്പോൾ വരുന്നവർ കൂടുതലായി രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ നിന്നാണ്. നമ്മുടെ രാജ്യത്ത് തന്നെ മുംബൈയൊക്കെ വലിയ വൈറസ് ബാധിത ഇടമായി. ചെന്നൈയിൽ നിന്നും വരുന്നവരിൽ വലിയൊരു ശതമാനവും പോസിറ്റീവാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് പോസിറ്റീവ് കേസുകൾ വർധിക്കുന്നത്.
സംസ്ഥാനത്തേക്ക് രോഗികളായി എത്തുന്ന പലരും അവശ നിലയിലാണ്. മഹാരാഷ്ട്രയിൽ നിന്നും മലപ്പുറത്ത് എത്തിയ സ്ത്രീയെ ചികിത്സിക്കാൻ കൂടി കഴിഞ്ഞില്ല. അതിന് മുമ്പ് തന്നെ മരിച്ചു പോയി. കഴിഞ്ഞ ഘട്ടത്തിൽ നിന്ന് വിത്യസ്തമായി ഇപ്പോൾ പോസറ്റീവ് കേസുകൾ കൂടിയിട്ടുണ്ടെങ്കിലും അത്രക്ക് വലിയ സമ്പർക്കങ്ങൾ ഉണ്ടായിട്ടില്ല. സംശയകരമായ കേസുകൾ എല്ലാം നേരെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നുണ്ട്. പഴുതടച്ച പ്രവർത്തനം തന്നെയാണ് നടത്തുന്നത്. ഓരോ രോഗിയേയും ഫോളോ ചെയ്തുകൊണ്ട് സമ്പർക്ക പട്ടിക കണ്ടെത്തുകയാണ്. പുതിയ ഒരു ക്ലസ്റ്ററും രൂപപ്പെടാതിരിക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.





