സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശമാണ്. തീവണ്ടിയിലായാലും ബസുകളിലായാലും കുറഞ്ഞ ചെലവിൽ അവർക്ക് സഞ്ചരിക്കാൻ യാത്രാ സൗകര്യം ഒരുക്കുക ഒരു ജനകീയ സർക്കാരിന്റെ കടമയാണ്. ഈ അവകാശത്തിനുമേലാണ് ലോക്ക്ഡൗണിന്റെ പേരിൽ സർക്കാരുകൾ വിലക്ക് ഏർപ്പെടുത്തിയത്. ജനങ്ങളെ രോഗത്തിൽ നിന്ന് രക്ഷിക്കാനാണ് ഈ വിലക്ക് ഏർപ്പെടുത്തിയതെങ്കിൽ ഇപ്പോൾ ഇന്ത്യൻ റെയിൽവേ, റെയിൽവേ സ്‌റ്റേഷനുകളും സർവ്വീസുകളും സ്‌റ്റോപ്പുകളും വെട്ടിക്കുറയ്ക്കാൻ പോകുകയാണ്.
പ്രതിദിനം 25000 യാത്രക്കാരില്ലാത്ത സ്റ്റേഷനുകൾ വികസിപ്പിക്കില്ല. ടിക്കറ്റ് വിൽപന 50 ശതമാനത്തിൽ കുറഞ്ഞാൽ ആ സ്ഥലത്തെ സ്റ്റോപ്പ് ഒഴിവാക്കും. ലാഭകരമല്ലാത്ത സർവ്വീസുകൾ അവസാനിപ്പിക്കും. ഇത്തരത്തിലുള്ള ജനവിരുദ്ധ പരിഷ്‌ക്കാരങ്ങൾക്കാണ് റെയിൽവേ കോപ്പ് കൂട്ടുന്നത്.
ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയാൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്‌റ്റേഷനുകൾ മാത്രമേ ലാഭകരമാകൂ. പാലക്കാട്, കണ്ണൂർ, കാസർകോഡ്, കൊല്ലം, കോട്ടയം തുടങ്ങി രണ്ടാം നിരയിലുള്ള ഒട്ടനവധി സ്‌റ്റേഷനുകൾക്ക് ഇത് ഭീഷണിയാണ്. ഓരോ ദിവസവും 25000 യാത്രക്കാർ എത്തിയില്ലെങ്കിൽ ആ സ്‌റ്റേഷന്റെ ഭാവി തന്നെ അപകടത്തിലാകും. ടിക്കറ്റ് വിൽപന 50 ശതമാനം കുറഞ്ഞാൽ കേരളത്തിലെ നൂറുകണക്കിന് സ്റ്റോപ്പുകൾ ഇല്ലാതാകും. ഇപ്പോൾ തന്നെ പരിമിതമാണ് കേരളത്തിലേക്കുള്ള തീവണ്ടി സർവ്വീസ്. അവയുടെ എണ്ണം കൂടി വെട്ടിച്ചുരുക്കുന്നതോടെ റെയിൽവേ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഏറെ പിന്നിലാകും.
അനേകം പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് ഇന്ന് കാണുന്ന പല റെയിൽവേ സ്റ്റേഷനുകളും സ്റ്റോപ്പുകളും കേരളീയർ നേടിയെടുത്തത്. ജനങ്ങളുടെ മുറവിളിയും യാത്രക്കാരുടെ ബാഹുല്യവും ജനപ്രതിനിധികളുടെ സമ്മർദ്ദവും മൂലമാണ് ഇന്ന് കാണുന്ന വികസനമെങ്കിലും റെയിൽവേ രംഗത്ത് കേരളത്തിന് ലഭിച്ചത്.
കൊറോണ പോലെയുള്ള മഹാരോഗത്തിന്റെ പിടിയിലമർന്ന് ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് ജനവിരുദ്ധമായ നടപടികൾ ഓരോന്നായി കേന്ദ്ര സർക്കാർ പുറത്തെടുക്കുന്നത്. 20000 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടയിലാണ് ബഹിരാകാശവും കൽക്കരി ഖനികളും സ്വകാര്യ മേഖലയ്ക്ക് നൽകാൻ തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലക്ഷക്കണക്കിന് തൊഴിലാളികളും കോടിക്കണക്കിന് വരുമാനവുമുള്ള റെയിൽവേ കൂടി ഘട്ടംഘട്ടമായി സ്വകാര്യവൽക്കരിക്കുന്നതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ നീക്കം. തിരുവനന്തപുരം ഉൾപ്പെടെയുള്ള രാജ്യത്തെ വിമാനത്താവളങ്ങൾ പലതും ഇതിനകം തന്നെ വിൽപനക്ക് വച്ചുകഴിഞ്ഞു.
ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ശക്തിയും പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമാണ്. ഈ പ്രത്യേകത കൊണ്ടാണ് കൊറോണ പോലെയുള്ള മഹാമാരിക്ക് മുന്നിൽ അമേരിക്കയും ചൈനയും ബ്രിട്ടനും എല്ലാം പകച്ചുനിന്നപ്പോൾ പോലും കേരളം ലോകത്തിന് മാതൃകയായി മാറിയത്. അങ്ങനെയുള്ള കേരളത്തെ പലതരത്തിലും ദ്രോഹിക്കുന്ന നടപടികളാണ് മോദി സർക്കാർ ആവർത്തിക്കുന്നത്. ഓഖി ദുരന്ത സമയത്തും ഒന്നാം പ്രളയത്തിലും രണ്ടാം പ്രളയത്തിലും കേരളത്തിന് അർഹതപ്പെട്ട സഹായം പോലും കേന്ദ്രം നൽകിയില്ല. വിദേശങ്ങളിൽ നിന്ന് സഹായം ലഭ്യമാക്കാനുള്ള നടപടികൾക്ക് പോലും മോദി സർക്കാർ ഇടംകോലിട്ടു. കൊറോണയെ സമർത്ഥമായി നേരിട്ട കേരളത്തിന് ആവശ്യപ്പെട്ട സഹായങ്ങൾ ഈ ഘട്ടത്തിലും ലഭിച്ചിട്ടില്ല.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പൗരൻമാരെ രണ്ടാംതരം പൗരൻമാരായി കാണുന്നത് ഒരു ജനാധിപത്യ സർക്കാരിന് ചേർന്ന നടപടിയല്ല. ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ ജനവിരുദ്ധമായ നടപടികളും പരിഷ്‌ക്കാരങ്ങളും അടിച്ചേൽപ്പിക്കുന്നത് ക്രൂരവും നിന്ദ്യവുമാണ്. ലോകത്തെ സർക്കാരുകളെല്ലാം പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ സഹായം നൽകിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന്റെ പേരു പറഞ്ഞ് അധികാരത്തിൽ വന്ന മോദി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പാവപ്പെട്ടവരും തൊഴിലാളികളും കർഷകരുമെല്ലാം വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ ഘട്ടത്തിൽ വിമാന നിരക്ക് കൂട്ടിയും തീവണ്ടി സർവ്വീസുകൾ റദ്ദാക്കിയും സ്റ്റേഷനുകൾ ഇല്ലാതാക്കിയും പരമാവധി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ ആവർത്തിക്കുന്നത്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ അധ്യക്ഷനായ ബിബേക് ഡെബ്രോയിയുടെ നേതൃത്വത്തിലുള്ള സമിതി അഞ്ചുകൊല്ലം മുൻപ് നൽകിയ പരിഷ്‌ക്കാരങ്ങളാണ് ഈ പ്രതിസന്ധി കാലത്ത് നടപ്പിലാക്കാൻ പോകുന്നത്. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ പ്രതിപക്ഷവും ഇതര സംസ്ഥാന സർക്കാരുകളും രംഗത്തിറങ്ങിയില്ലെങ്കിൽ ജനങ്ങളുടെ യാത്ര ചെയ്യാനുള്ള അവകാശം തന്നെ നഷ്ടപ്പെടും.







