വിജയവാഡ: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ധനകാര്യ സ്ഥാപന ഉടമയെ പട്ടാപ്പകല്‍ സഹോദരങ്ങള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ദേവരാഗപള്ളി ഗഗാറിന്‍ എന്ന രവി തേജ(50)യാണ് സഹോദരങ്ങളുടെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസന്ത് റോഡിന് സമീപം ചിലുകു ദുര്‍ഗായ്യ സ്ട്രീറ്റിലെ മൂണ്‍ മൂണ്‍ പ്ലാസയിലുള്ള രവി തേജയുടെ ഓഫീസില്‍ വച്ചാണ് ആക്രമണം നടന്നത്. ഓഫീസിലെത്തിയ സഹോദരങ്ങള്‍ ഉടമയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീ ആളിപ്പടരാന്‍ തുടങ്ങിയതോടെ നിലവിളിച്ച് രവി തേജ പുറത്തേക്ക് ഓടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയ രവി തേജയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ രവിതേജയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികളും രവി തേജയും തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു.


