
തിരുവനന്തപുരം: കെ.റെയില്‍ സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ സംവാദത്തില്‍ ശക്തമായ പ്രതികരണവും സമാന്തര റെയില്‍വേ ലൈന്‍ എന്ന ബദല്‍ സംവിധാനവും അവതരിപ്പിച്ച് ആര്‍.വി.ജി മേനോന്‍. മൂന്നു പേര്‍ പദ്ധതിയെ അനുകൂലിച്ചപ്പോള്‍ ആര്‍.വി.ജി മാത്രമാണ് എതിര്‍ക്കാനുണ്ടായിരുന്നത്. എന്നാല്‍ സര്‍വേയുടെ പേരില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനനെയും വീടുകള്‍ക്കുള്ളില്‍ പോലും കല്ലിടുന്നതിനെയും എല്ലാവരും ഒന്നടങ്കം എതിര്‍ത്തു. ജി.പി.സ് സര്‍വേയാണ് വേണ്ടതെന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ അടിയന്തരമായി വേണ്ടത് റെയില്‍വേ പാത ഇരട്ടിപ്പിക്കലാണ്. അതിന് തടസ്സം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തില്‍ വേണമെന്നും ആര്‍.വി.ജി മേനോന്‍ ചൂണ്ടിക്കാട്ടി. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് ഭീകര പ്രസ്താവനയാണ്. അതിനെ അംഗീകരിച്ചുനല്‍കാനാവില്ല. ഇതിനു ശേഷം ചര്‍ച്ചയ്ക്ക് വിളിക്കുന്നത് മര്യാദകേടാണ്. ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതിയുമായി മുന്നോട്ടുപോകേണ്ടിയിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നാട്ടുകാരെല്ലാം എതിരല്ല. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വെള്ളക്കെട്ടുണ്ടാകുന്നത് പരിശോധിക്കണമെന്നും ബ്രോഡ്ഗേജ് പരീക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും ആര്‍.വി.ജി മേനോന്‍ ഉന്നയിച്ചു. ജപ്പാന്‍ കടം തരുന്നത് നമ്മള്‍ നന്നാകാന്‍ വേണ്ടിയല്ല, അവരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആള്‍ക്കാരെ വിശ്വാസത്തിലെടുത്ത് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണം സര്‍വേ നടത്താനെന്ന് പദ്ധതിയെ അനുകൂലിക്കുന്ന പാനലിലെ എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. ആളുകളുടെ വീടുകളിലും അടുക്കളയില്‍ പോലും കല്ലുകളിടുന്നത് കണ്ടു. അത് നല്ല പ്രവണതയല്ല. ഏതു പദ്ധതി വന്നാലും എതിര്‍ക്കുന്നത് കേരളത്തിന്റെ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേഗതയേറിയ യാത്രാസംവിധാനങ്ങളാണ് കേരളത്തിനു വേണ്ടതെന്ന കുഞ്ചെറിയ പി.ഐസക് വ്യക്തമാക്കി. കേരളം രണ്ടായ വെട്ടിമുറിക്കുമെന്ന് എക്സ്പ്രസ്വേയെ എതിര്‍ത്തു. പിന്നീട് ദേശീയപാത വികസനം വന്നു. ആ അവസ്ഥ ഇവിടെ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍വേയ്ക്ക് കല്ലിടുന്നതിനെ റെയില്‍വേ ബോര്‍ഡ് മുന്‍ മെമ്ബര്‍ സുബോധ് കുമാര്‍ ജയിനും എതിര്‍ത്തു. ജി.പി.എസ് സംവിധാനത്തിലൂടെ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.








