ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാട് ജില്ലയ്ക്ക്. അവസാനം വരെ ആവേശം നീണ്ട പോരാട്ടത്തില്‍ കോഴിക്കോടിനെ മൂന്നു പോയിന്റിനു പിന്നിലാക്കിയാണ് പാലക്കാടിന്റെ നേട്ടം. പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 2007 മുതല്‍ തുടര്‍ച്ചയായ 12 വര്‍ഷങ്ങളായി കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് പാലക്കാട് തകര്‍ത്തത്.
903 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയാണു മൂന്നാം സ്ഥാനത്ത്. തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ട മല്‍സരങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് പാലക്കാട് ജേതാക്കളായത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാസര്‍കോട് ജില്ലയിലാണ്.
901 പോയിന്റോടെ കണ്ണൂരാണ് നാലാം സ്ഥാനത്ത്. 895 പോയിന്റോടെ മലപ്പുറം അഞ്ചാം സ്ഥാനത്തും എത്തി. ഇതിനു മുന്‍പ് 2006ലാണ് ആദ്യമായി 117.5 പവന്റെ ഈ സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ പാലക്കാട് കോഴിക്കോടുമായി കിരീടം പങ്കുവച്ചു. കുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനക്കാരായി തുടര്‍ന്നു വന്ന ദുര്യോഗത്തിനാണ് പാലക്കാട് ആലപ്പുഴയുടെ മണ്ണില്‍ കടിഞ്ഞാണിട്ടിരിക്കുന്നത്.







