ന്യൂഡല്‍ഹി: മലയാളിയായ മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ സംഭവത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ നിയമ നടപടി എടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുന്‍പ് സൗമ്യയുടെ അച്ഛന്‍ എം.കെ വിശ്വനാഥന്‍ കേസില്‍ അധികൃതരുടെ ഉദാസീന നിലപാടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. പൊള്ളയായ ഉറപ്പുകളാണ് അധികൃതരില്‍ നിന്നും ലഭിക്കുന്നതെന്ന് എം.കെ വിശ്വനാഥന്‍ കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹി സാകേത് ജില്ലാ കോടതിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കേസിന്റെ വിചാരണ നടക്കുന്നു. വിചാരണ നീളുന്നതില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. സാകേത് ജില്ലാ കോടതിയോട് വിചാരണ അനന്തമായി നീളുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് മുക്ത ഗുപ്ത പൊലീസിന് നല്‍കിയ നോട്ടീസില്‍ വിചാരണ നീളുന്നതിന്റെ കാരണം റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളില്‍ വിചാരണ തീര്‍ക്കണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ ബല്‍ജീത്ത് മാലിക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. അതേസമയം കുറ്റപത്രം സമര്‍പ്പിച്ച് ഒമ്പതര വര്‍ഷം പൂര്‍ത്തിയായതിനാല്‍ നിലവിലെ സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. 2008 സപ്തംബര്‍ 30-ന് രാത്രിയാണ് സൗമ്യ വെടിയേറ്റു മരിച്ചത്.







