സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് സർക്കാരിനെ നിരീക്ഷിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി ചുമതലപ്പെടുത്തിയ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ. പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് അഡീഷണൽ സെക്രട്ടറി ഹണിക്കെതിരെ സാമ്പത്തിക ആരോപണമാണ് ഉയർന്നിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ തുടർന്നുള്ള കാലയളവിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ പണമിടപാടാണ് നടക്കുന്നത്. നോട്ട് റദ്ദാക്കിയ സമയത്ത് ഉന്നത ഉദ്യോഗസ്ഥർ അടക്കം റദ്ദാക്കപ്പെട്ട ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ ഈ സൊസൈറ്റി വഴി മാറിയെടുത്തു എന്നാണ് പറയുന്നത്. 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയുള്ള ചിട്ടികളാണ് സൊസൈറ്റി നടത്തുന്നത്. ഒരാൾക്ക് എത്ര ചിട്ടിയിൽ വേണമെങ്കിലും ചേരാനും കഴിയും. നോട്ടുനിരോധനത്തിന് പിന്നാലെ 2000ലേറെ പേരാണ് സൊസൈറ്റിയുടെ ചിട്ടിയിൽ പങ്കാളികളായത്. ഈ സംഭവത്തെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്ന് സ്വർണ്ണക്കള്ളക്കടത്ത് അന്വേഷിക്കുന്ന എൻഐഎ ഈ ഇടപാടുകളും നിരീക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ സിസിടിവികളുടെ ചുമതലക്കാരനും ഈ ഉദ്യോഗസ്ഥനാണ്. സിസിടിവി ദൃശ്യങ്ങളിൽ ചിലത് ഇടിമിന്നലിൽ നഷ്ടപ്പെട്ടു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് ഈ ഉദ്യോഗസ്ഥനെ എൻഐഎ നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായുള്ള പുതിയ ആരോപണം. സെക്രട്ടറിയേറ്റിനകത്ത് ഐഎഎസുകാർക്ക് ഉള്ളതിനെക്കാൾ സ്വാധീനമാണ് അസോസിയേഷൻ നേതാക്കൾക്കുള്ളത്. എല്ലാ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഇവർ പല തരത്തിലാണ് പ്രയോജനപ്പെടുത്തുന്നത്. കരാർ നിയമനങ്ങളിലും മറ്റും സംഘടനാ നേതാക്കൾക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണ ഏജൻസികൾ പരിശോധന നടത്തും.









