കണ്ണൂര്‍ : കൈത്തറി തുണിത്തരങ്ങള്‍ക്ക് ജിഎസ്ടി 12 ശതമാനം വര്‍ധന നിലവില്‍ വന്നതോടെ കൈത്തറി സംഘങ്ങള്‍ സ്തംഭനത്തിലേക്ക്. സൗജന്യ കൈത്തറി യൂണിഫോം തുണി നിര്‍മിക്കുന്ന സംഘങ്ങളാണ് പ്രതിസന്ധിയിലായത്. ജിഎസ്ടി വര്‍ധിച്ചതോടെ സംഘങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ തുടരുമെന്ന ആശങ്കയിലാണ് ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങള്‍.കൈത്തറി സംഘങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി പരിഷ്‌കരിച്ചെങ്കിലും അതിന് ആനുപാതികമായി തുണിവില പുതുക്കിയിരുന്നില്ല. സംസ്ഥാനത്തെ സംഘങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് നിലവിലെ കൂലി.ചിലയിടങ്ങളില്‍ യൂണിഫോം പദ്ധതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. എന്നാല്‍, കണ്ണൂരില്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച മിനിമം കൂലിയും അതാത് മാസത്തെ ഉപഭോക്തൃ സൂചികയില്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും ഒരു രൂപ നിരക്കിലുള്ള ഡിഎയും നല്‍കുന്നുണ്ട്. ഇതുകാരണം തുണി വിലയും ഇപ്പോഴത്തെ കൂലി ഉള്‍പ്പെടെയുള്ള ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു. നിലവില്‍ ഉല്‍പാദിപ്പിക്കുന്ന മീറ്ററിന് 35 രൂപ നഷ്ടം സഹിച്ചാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ഖാദി തുണിത്തരങ്ങള്‍ക്ക് നിലവില്‍ ജിഎസ്ടിയില്ല. അതേപോലെ കൈത്തറി തുണിത്തരങ്ങളെയും ജിഎസ്ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയാലേ കൈത്തറി സംഘങ്ങള്‍ക്ക് മുന്നോട്ട് പോകാനാകുകയുള്ളൂവെന്ന് കൈത്തറി വീവേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ വി സന്തോഷ് കുമാര്‍ പറഞ്ഞു. യൂണിഫോം ഉല്‍പ്പാദനത്തിനുവേണ്ട നൂല്‍ എല്ലാ മാസവും നല്‍കാനും സംവിധാനം വേണം. നെയ്ത്തുകാരുടെ കൂലി ആറുമാസമായി കുടിശ്ശികയാണ്. കൂലിയും അതത് മാസം നല്‍കണം. കേരളാ ബാങ്ക് ക്യാഷ് ക്രഡിറ്റ് വായ്പയുടെ പലിശ കുറക്കുക, ഹാന്റക്സ് തുണി സംഭരിച്ച വകയില്‍ നല്‍കാനുള്ള തുക ഉടന്‍ അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.








