
അഗളി: 23 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ‘അട്ടപ്പാടിയുടെ പ്രഭു ഡോക്ടര്‍’ പടിയിറങ്ങി.വെള്ളിയാഴ്ചയാണ് തിരൂരങ്ങാടിയിലേക്ക് സ്ഥലം മാറ്റിയതായി ഉത്തരവിറങ്ങിയത്.മലപ്പുറം തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിക്കാന്‍ ശനിയാഴ്ച രാവിലെതന്നെ ഡോ. ആര്‍. പ്രഭുദാസ് കോട്ടത്തറയില്‍നിന്ന് പുറപ്പെട്ടു.താന്‍ പൂച്ചെണ്ട് സ്വീകരിക്കാനല്ല, അട്ടപ്പാടിയിലെ ആശുപത്രിയില്‍ ജോലിചെയ്തിരുന്നത്. അഭിമാനത്തോടെ തലയുയര്‍ത്തി പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നത്. നല്ലൊരു ചികിത്സാ സംവിധാനം താന്‍ വരുമ്‌ബോള്‍ അട്ടപ്പാടിയിലുണ്ടായിരുന്നില്ല. എന്നാല്‍, അതിനെ നല്ല നിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. പകരക്കാരനായി വരുന്നയാള്‍ നല്ലയാളാണ്. കൂടുതല്‍ ഉയരത്തിലേക്ക് ആശുപത്രിയെ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഡോ.പ്രഭുദാസ് പറഞ്ഞു.1995-ല്‍ അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് താത്കാലികസേവനത്തിനായാണ് ഡോ. പ്രഭുദാസ് അട്ടപ്പാടി ചുരം കയറിയത്. പിന്നീട് പി.എസ്.സി. വഴി സ്ഥിരംഡോക്ടറായി. അട്ടപ്പാടിയുടെ സ്വന്തം ഡോക്ടറായി. അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജോലിസമയം കഴിഞ്ഞും താമസസ്ഥലത്ത് ചികിത്സക്കായി എത്തുന്നവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കി. മരുന്ന് മേടിക്കാന്‍ പണമില്ലാത്തവര്‍ക്ക് കിട്ടിയ ശമ്ബളത്തില്‍നിന്ന് മരുന്നിന് പണം നല്‍കി തിരികെയയച്ചിരുന്ന ഡോക്ടര്‍ പാവപ്പെട്ടവരുടെ ഡോക്ടറായി മാറി.







