Home Health ഡെങ്കിപ്പനിക്ക് പിന്നാലെ  വെസ്റ്റ് നൈലും; കേരളത്തില്‍  ഒരുമരണം

ഡെങ്കിപ്പനിക്ക് പിന്നാലെ  വെസ്റ്റ് നൈലും; കേരളത്തില്‍  ഒരുമരണം

2
0
കൊച്ചി: കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങിയില്‍ നിന്നുള്ള അറുപത്തിയഞ്ചുകാരനാണ് മരിച്ചത്. ജില്ലയില്‍ ആദ്യമായാണ് വെസ്റ്റ് നൈല്‍ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ആണ് ബാധിച്ചതെന്ന് കണ്ടെത്തിയത്.
എന്താണ് വെസ്റ്റ് നൈല്‍ ?
ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937-ല്‍ യുഗാണ്‍ഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011-ല്‍ ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഗലക്ഷണങ്ങള്‍
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയവ കാണാം.
ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.
രോഗപ്രതിരോധവും ചികിത്സയും
ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവുംനല്ല പ്രതിരോധമാര്‍ഗം. സ്വയംചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.
മുന്‍കരുതലുകള്‍
വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക
ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണികൊണ്ട് മൂടുക
കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക
സ്വയംചികിത്സ ഒഴിവാക്കുക
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈല്‍ രോഗം പരത്തുന്ന കൊതുകുകള്‍ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോഗബാധ ഉണ്ടാകും. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരില്ല. 1937ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here