Home Latest News in Kerala വ്യവസായ പാര്‍ക്കിനായി സ്ഥലം ഒരുക്കല്‍ തുടങ്ങി

വ്യവസായ പാര്‍ക്കിനായി സ്ഥലം ഒരുക്കല്‍ തുടങ്ങി

1
0

വടക്കഞ്ചേരി: കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിനായി വെട്ടിമാറ്റു ന്നതു 300 ഏക്കറിലെ തെങ്ങ്, റബര്‍ ഉള്‍പ്പെടെ പൊന്നുവിളയുന്ന കാര്‍ഷികവിളകള്‍. ഏറ്റെടുക്കുന്ന 470 ഏക്കര്‍ ഭൂമിയിലും 95 ശതമാനവും ഇത്തരത്തിലുള്ള വിളകള്‍ നശിപ്പിച്ചാണ് വ്യവസായ യൂണിറ്റുകള്‍ക്കായി സ്ഥലം ഒരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് 300 ഏക്കര്‍ ഭൂമി ഏറ്റെടുത്തുനടപടികള്‍ തുടങ്ങിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് പുഴയോരങ്ങളില്‍ പച്ചത്തുരുത്തുകള്‍ വച്ചുപിടിപ്പിക്കുമ്പേഴാണ് ഇത്രയും വലിയ പ്രദേശത്തെ പച്ചത്തുരുത്തുകളും ജലസ്രോതസുകളും നശിപ്പിക്കുന്നത്. നാളികേരം നിറഞ്ഞുനില്‍ക്കുന്ന തെങ്ങുകള്‍ മുറിച്ചുമാറ്റുമ്പോള്‍ ഏറെ വേദനയുണ്ടെന്നു വ്യവസായ പാര്‍ക്കിനായി വീടും സ്ഥലവും നഷ്ടപ്പെടുന്ന കല്ലിങ്കല്‍പാടം റോഡിലെ നടക്കല്‍ ജോയ് പറഞ്ഞു. എന്തുചെയ്യാം, വിട്ടുകൊടുക്കാതെ നിവൃത്തിയില്ലല്ലോ എന്നാണ് കര്‍ഷകരുടെ ആത്മഗതം. പതിറ്റാണ്ടുകളുടെ അധ്വാനമുണ്ട് പറമ്പില്‍ പച്ചപ്പ് ഉണ്ടാക്കാന്‍. നല്ല മണ്ണും, കൊടുംവേനലിലും ജലസമൃദ്ധിയുമുള്ള ഭൂപ്രദേശങ്ങള്‍ മരുഭൂമിയാക്കി മാറ്റിയാണ് വ്യവസായ പാര്‍ക്ക് കൊണ്ടുവരുന്നത്. പ്രകൃതിസ്‌നേഹികളും പരിസ്ഥിതിവാദികളും ഇതെല്ലാം കണ്ടു മൗനത്തിലാണ്. വൈകിയാണെങ്കിലും കര്‍ഷകര്‍ തങ്ങളുടെ സങ്കടം പങ്കുവയ്ക്കുകയാണ്. വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കുറഞ്ഞ ഭൂമിയുള്ളവരും ബലിയാടുകളാകുന്ന സ്ഥിതിയുമുണ്ടായി. ശരിയായ നഷ്ടപരിഹാരംപോലും ലഭിക്കാതെയാണ് പലരും വീടുവിട്ടിറങ്ങുന്നത്. ഇങ്ങനെ ഫലഭൂയിഷ്ഠമായ മണ്ണും വെള്ളവും ഉള്ള ഭൂമി ഇനി കിട്ടില്ലെന്ന് ഇവര്‍ക്കറിയാം. ഇനി മറ്റൊരിടത്തു പോയി കൃഷിത്തോട്ടമൊരുക്കാന്‍ ജീവിതം മതിയാകില്ലെന്ന തിരിച്ചറിവും കര്‍ഷകര്‍ക്കുണ്ട്. അതേസമയം, ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഭൂവുടമകള്‍ക്കു ബാങ്ക് അക്കൗണ്ട് വഴിയും ചെക്കായുമാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here