മുഖംമൂടി ആക്രമണത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. മുഖംമൂടി കവർച്ചകളും പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് 19നെ തടയാനുള്ള മാസ്‌ക്ക് ധരിച്ചുകൊണ്ടുള്ള കൊലവിളികളാണ് കേരളത്തിൽ മുഴങ്ങിക്കേൾക്കുന്നത്.
മലപ്പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ലീഗുകാരെ അവസാനിപ്പിച്ചുകളയും എന്ന മട്ടിൽ പരസ്യമായി മുദ്രാവാക്യം വിളിച്ചത്. കണ്ണൂർ ജില്ലയിൽ കണ്ണപുരം പോലീസ് സ്‌റ്റേഷനു മുന്നിൽ ഇന്ന് ബിജെപി പ്രവർത്തകർ സിപിഎമ്മുകാരെ വീട് കയറി വെട്ടുമെന്ന് മുദ്രാവാക്യം മുഴക്കി. പൊതുജനമധ്യത്തിൽ ഡിവൈഎഫ്‌ഐ അരിയിൽ ഷുക്കൂറിനെ വകവരുത്തിയ വാൾ കടലിൽ എറിഞ്ഞിട്ടില്ലെന്നും അത് വീണ്ടും ലീഗുകാർക്കെതിരെ കൊലക്കത്തിയായി എടുത്തുപെരുമാറുമെന്നുമാണ് മുദ്രാവാക്യം മുഴക്കിയത്. ഈ സംഭവത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം ഏരിയാ നേതാവിനെ അടക്കം സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കണ്ണപുരം സ്റ്റേഷനു മുന്നിൽ സിപിഎമ്മുകാരെ വീട് കയറി വെട്ടുമെന്ന് പരസ്യമായി മുദ്രാവാക്യം മുഴക്കിയവർക്കെതിരെ പോലീസ് ഇനിയും കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സ്‌റ്റേഷനു മുന്നിൽ പരസ്യമായി ഭീഷണി മുഴക്കിയതിന് നാട്ടുകാർ പരാതി നൽകണമെന്ന നിലപാട് വിചിത്രമാണ്.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് കോവിഡ് മാനദണ്ഡങ്ങൾ അക്ഷരം പ്രതി പാലിച്ചുകൊണ്ട് സിപിഎമ്മും ബിജെപിയും നടത്തിയ കൊലവിളി. തുല്യ അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചും എണ്ണം കുറച്ചും രണ്ട് പാർട്ടികളും കാണിച്ച മര്യാദ കോവിഡിനെ പേടിച്ചിട്ടാണോ, നിയമത്തെ പേടിച്ചിട്ടാണോ? രണ്ടുമല്ലെങ്കിൽ ജീവൻ ഭയന്നിട്ടോ? എന്തായാലും മഹാമാരിയുടെ മുന്നിൽ ലോകവും രാജ്യവും പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കേ കേരളത്തിൽ ഇത്തരം പ്രതിഷേധങ്ങൾ നടക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. ധർണ്ണയോ, പിക്കറ്റിംഗോ ഒന്നുമല്ല കൊലവിളിയാണ് ഇരുകൂട്ടരും നടത്തിയിരിക്കുന്നത്.
ഇന്ത്യൻ പീനൽ കോഡിൽ പറഞ്ഞിരിക്കുന്ന ഗുരുതരമായ വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണ് പരസ്യമായുള്ള കൊലവിളി. അതുതന്നെയാണ് മലപ്പുറത്ത് ഡിവൈഎഫ്‌ഐയും കണ്ണൂരിൽ ബിജെപിയും നടത്തിയത്. മലപ്പുറം വിഷയത്തിൽ ഡിവൈഎഫ്‌ഐ പ്രതിഷേധക്കാർക്കെതിരെ സംഘടനാപരമായി നടപടിയെടുത്തു. കണ്ണൂരിൽ കണ്ണപുരത്ത് ബിജെപി ജില്ലാ പ്രസിഡന്റ് പ്രസംഗിച്ച യോഗത്തിലാണ് സിപിഎമ്മുകാരെ വീട് കയറി വെട്ടുമെന്ന് ബിജെപി മുദ്രാവാക്യം വിളിച്ചത്. ഭ്രാന്ത് പിടിച്ചാൽ ചങ്ങലയ്ക്കിടാം. ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിച്ചാൽ എന്തുചെയ്യാനാകും? ഇത്തരത്തിലുള്ള പ്രതിഷേധങ്ങളാണ് കേരളത്തിൽ അരങ്ങേറിയിരിക്കുന്നത്.
സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസാണ് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസ്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനും രാജേഷ് എംഎൽഎയുമാണ് ഈ കേസിലെ രണ്ട് പ്രതികൾ. വിവാദം അവസാനിക്കാത്ത ഈ കേസിൽ പ്രതികൾ ഉപയോഗിച്ച കത്തി കടലിൽ വലിച്ചെറിഞ്ഞിട്ടില്ലെന്നും അത് വീണ്ടും കൊലക്കത്തിയായി മാറുമെന്നും അതേ പാർട്ടിയിൽ പെട്ടവർ മുദ്രാവാക്യം വിളിക്കുന്നത് കൊലക്കേസിനെ പോലും പ്രതികൂലമായി ബാധിക്കും. സ്വന്തം പാർട്ടിക്കാർ പ്രതികളാണെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്ന അവസ്ഥയിൽ ഡിവൈഎഫ്‌ഐക്കാർ നടത്തിയ പ്രകടനവും പ്രതിഷേധവും അവർക്കുതന്നെ വിനയായി മാറുമെന്ന് ഉറപ്പ്.
വേണ്ടിവന്നാൽ പോലീസ് സ്‌റ്റേഷനിൽ ബോംബുണ്ടാക്കുമെന്ന് ഒരു മുൻ ആഭ്യന്തര മന്ത്രി കണ്ണൂരിൽ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രസംഗിച്ചത് ഓർമ്മയുണ്ട്. അതിനുശേഷമാണ് അദ്ദേഹം കേരളത്തിൽ ആഭ്യന്തര മന്ത്രിയായി അഞ്ചു വർഷം പോലീസിനെ ഭരിച്ചത്. കണ്ണപുരം സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം മുഴക്കിയ ബിജെപിക്കാരും മലപ്പുറത്ത് കൊലക്കത്തിയെടുക്കുമെന്ന് വിളിച്ചുപറഞ്ഞ ഡിവൈഎഫ്‌ഐ നേതാക്കളും നാളെ എംഎൽഎയും ആഭ്യന്തരമന്ത്രിയുമാകില്ലെന്ന് ആര് കണ്ടു? അതുകൊണ്ടാകാം പോലീസ് മുഖം നോക്കി നടപടിയെടുക്കാൻ മടിച്ചുനിൽക്കുന്നത്. സംഘടനയിൽ നിന്ന് പുറത്താക്കുന്നതിനു പകരം സ്ഥാനങ്ങളിൽ നിന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം സഖാക്കളെ മാറ്റിനിർത്തിയിരിക്കുന്നത്. ബിജെപി നേതൃത്വമാകട്ടെ, പരസ്യമായി കൊലവിളി നടത്തിയവരുടെ പേരിൽ ഒരു നടപടിയും എടുത്തുകണ്ടില്ല.
ഭരണത്തിൽ ഇരിക്കുമ്പോൾ സഖാക്കൾ കാണിക്കേണ്ട മിനിമം മര്യാദകൾ അവർ പാലിക്കേണ്ടതാണ്. പ്രതിപക്ഷമായ ബിജെപിക്ക് എന്തുമാകാം. അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് വേണമെങ്കിൽ വാദിക്കാം. ജനാധിപത്യ പാർട്ടികൾ ആയുധമെടുക്കുമെന്നും കൊല്ലുമെന്നും പരസ്യമായി പ്രഖ്യാപിച്ചാൽ സാധാരണക്കാർ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുക? ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പുനൽകുന്നതാണ് നമ്മുടെ ഭരണഘടനയും ഇന്ത്യൻ ശിക്ഷാ നിയമവും. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തുന്ന സർക്കാരിന്റെ ആളുകൾ തന്നെ ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിച്ചാൽ പോലീസും കോടതിയും എന്തുചെയ്യും? പോലീസിനെയും കോടതികളെയും ഭയമില്ലാത്ത അവസ്ഥയിലേക്ക് രാഷ്ട്രീയ പാർട്ടികൾ മാറുകയാണോ? അങ്ങനെ സംഭവിച്ചാൽ ജനാധിപത്യം തന്നെ അപകടത്തിലാകില്ലേ?
മുഖ്യമന്ത്രി പിണറായിയും കേരളം ഭരിക്കുന്ന ഇടതുമുന്നണിയും അതീവ ഗൗരവത്തോടെ വേണം മലപ്പുറത്തെ സംഭവത്തെ കാണാൻ. കണ്ണൂരിൽ ബിജെപി നടത്തിയ നിയമലംഘനത്തെ ബിജെപി നേതൃത്വവും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുവർഷം മാത്രം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പോലും ജനങ്ങളെ അവഗണിച്ചുകൊണ്ടുള്ള പാർട്ടികളുടെ നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്.
‘ഒപ്പം നിൽക്കുന്നവർക്ക് സംരക്ഷണം. ചതിച്ചാൽ ശിക്ഷ’ സിപിഎം എംഎൽഎ പി.കെ ശശിയുടെ വാക്കുകൾ. പിന്നീട് നാക്കുപിഴ എന്ന പ്രസ്താവനയിലൂടെ അദ്ദേഹം സമരിയാക്കാരനായി മാറി. കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ ചെയർപേഴ്‌സണുമായ ജോസഫൈൻ ഒന്നുകൂടി കടത്തിപ്പറഞ്ഞു, ‘പാർട്ടിക്ക് പോലീസും കോടതിയുമുണ്ട്’. പിറ്റേദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ജോസഫൈനെ തിരുത്തിയെങ്കിലും പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് ഇതുവരെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ നടത്തിയതായി കണ്ടില്ല. ഓരോ പാർട്ടിക്കും പോലീസും കോടതിയും ഭരണഘടനയുമുണ്ടെന്ന് വന്നാൽ അംബേദ്കർ എന്ന മഹാൻ എഴുതിയുണ്ടാക്കിയ ഭരണഘടനയ്ക്ക് എന്താണ് പ്രസക്തി?
തിരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രിയായും മന്ത്രിമാരായും എംഎൽഎമാരായും മാറിക്കഴിഞ്ഞാൽ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ ജനപ്രതിനിധികൾ പാലിക്കേണ്ടതുണ്ട്. വിജയത്തിലൂടെ അവർ എല്ലാ ജനങ്ങളുടെയും പ്രതിനിധികളായിട്ടാണ് മാറുന്നത്. വോട്ട് ചെയ്തവരുടെ മാത്രം താൽപര്യങ്ങളെ തങ്ങൾ സംരക്ഷിച്ചു എന്നുവന്നാൽ ജനാധിപത്യ സംവിധാനം തകർന്നു തരിപ്പണമാകും.
ജയിച്ചവർ ഭരണപക്ഷവും തോറ്റവർ പ്രതിപക്ഷവുമായി മാറുമെങ്കിലും ഭരണം മാറിവരും. ഇന്നത്തെ ഭരണപക്ഷം നാളെ പ്രതിപക്ഷമാകാം. അപ്പോൾ നാളത്തെ ഭരണപക്ഷം ഇന്നത്തെ ഭരണപക്ഷത്തെ വേട്ടയാടും. നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട പോലീസ് ത്രിശങ്കുവിലാണ്. പോലീസ് സ്‌റ്റേഷനു മുന്നിൽ കൊലവിളി നടത്തിയാലും ബോംബുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാലും നടപടിയെടുക്കാൻ അവർ ഭയപ്പെടും. ജനാധിപത്യത്തിന് ഒരുപാട് നന്മകളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ തിന്മകൾ മാത്രം പ്രതിഫലിപ്പിക്കുന്നതാണ് ഈ സംഭവങ്ങൾ. അധികാരവും കയ്യൂക്കുമുള്ളവൻ അവരുടെ തട്ടകത്തിൽ നിയമം കയ്യിലെടുക്കും. എന്നാൽ ഇവർക്ക് അധികാരമില്ലാത്ത രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിൽ ഇത്തരത്തിൽ അവിടത്തെ ഭരണകൂടങ്ങൾ നിയമം കാറ്റിൽ പറത്തിയാൽ എന്താകും സ്ഥിതി? ഇത്തരത്തിൽ ചിന്തിക്കാനുള്ള ആർജ്ജവമെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും കാണിക്കണം. അപ്പോഴാണ് ജനാധിപത്യം യാഥാർത്ഥ്യമാകുക.




