
ശബരിമല: വെള്ളിയാഴ്ച വൈകുന്നേരവും രാത്രിയിലുമായി പെയ്ത കനത്ത മഴ ഉയര്‍ത്തിയ ആശങ്കയ്ക്കിടെ ശബരിമല യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നലെ രാവിലെയോടെ നീക്കി. രാവിലെ ഒമ്പതു മുതല്‍ തീര്‍ഥാടകരെ കയറ്റിവിടാന്‍ തീരുമാനമായി.വെള്ളിയാഴ്ച രാത്രി പമ്പ ത്രിവേണിയില്‍ വെള്ളം കയറിയതിനേ തുടര്‍ന്ന് അയ്യപ്പഭക്തരെ നിലയ്ക്കലില്‍ തടഞ്ഞിരുന്നു. പിന്നീട് രാത്രിയില്‍ ശബരിമല യാത്രയ്ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവും വന്നു. എന്നാല്‍ ഇന്നലെ രാവിലെയോടെ മഴ കുറയുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ സന്നിധാനത്തുണ്ടായിരുന്ന തീര്‍ഥാടകരെ തിരികെ അയയ്ക്കാനും നിലയ്ക്കലില്‍ നിന്നു തീര്‍ഥാടകരെ പമ്പപയിലേക്ക് അയയ്ക്കാനും തീരുമാനിച്ചു.പിന്നാലെ ഘട്ടംഘട്ടമായി തീര്‍ഥാടകരെ പമ്പപയിലെത്തിച്ചു. ഇന്നലെ പകല്‍ മഴ പെയ്തില്ലെങ്കിലും പന്പ ഡാം തുറന്നതോടെ പമ്പപാനദിയില്‍ ത്രിവേണി ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നു നിന്നു. എന്നാല്‍ അപകടകരമായ സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. റവന്യു, ജലസേചന വകുപ്പുകള്‍ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. പമ്പയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നതിനു വിലക്ക് തുടരുകയാണ്.




