
വണ്ടിത്താവളം: മൂപ്പന്‍ച്ചള്ളയില്‍ നിന്നും കുറുക്കന്‍കുളമ്പിലേക്കുള്ള ഇടതു കനാലിനു കുറുകെയുള്ള നടപ്പാലം പൊളിച്ച് വീതി കൂട്ടി പുനസ്ഥാപിക്കണമെന്ന ജനകീയാവശ്യം ശക്തമാകുന്നു. കുറുക്കന്‍ കുളമ്പിലേക്കുള്ള പ്രധാന പാതയിലേക്ക് ഇരുപത്തിയഞ്ചു കുടുംബങ്ങളിലായി നൂറോളം പേര്‍ സഞ്ചരിക്കുന്ന നടപ്പാലം തകര്‍ച്ച ഭീഷണിയിലാണ്. പാലത്തിന്റെ കൈവിരികളില്‍ ദ്വാരം വീണും അടിഭാഗത്തുകോണ്‍ ഗ്രീറ്റ് ഇളകിയും ദുര്‍ബലമായിരിക്കുകയാണ്. കനാലില്‍ പൂര്‍ണതോതില്‍ ജലം ഇറക്കി വിടുമ്പോള്‍ പാലത്തിലുടെ നടന്നു പോവാന്‍ ജനം ഭയക്കുകയാണ്. 35 വര്‍ഷം മുന്‍പാണ് പാലം നിര്‍മിച്ചത്. അക്കാലത്ത് വിരലിലെണ്ണാവുന്ന താമസക്കാര്‍ക്ക് പാലം മറികടക്കാനാണ് വിസ്താരം കുറഞ്ഞ പാലം നിര്‍മ്മിച്ചത്.എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ താമസക്കാരുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇവരുടെ വീടുകളിലേക്ക് ഇരുചക്ര മുച്ചക്ര വാഹന സഞ്ചാരിക്കാനുതകുന്ന രീതിയില്‍ മൂലത്തറ ഇടതു കനാലില്‍ പാലം നിര്‍മിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ഇപ്പോള്‍ നന്ദിയോട്-വേപ്പിന്‍ച്ചുവട് വഴി രണ്ടു കിലോമീറ്റര്‍ ചുറ്റിയാണ് വാഹനങ്ങളിലെത്തുന്നത്. കന്നിമാരി മുതല്‍ പെരുവെമ്പ്് വരെയുള്ള ഇടതു കനാലിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വരികയാണ്.




