
പരവൂര്‍: കെട്ടിടം ശോച്യാവസ്ഥയിലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏറെക്കാലമായി പൂട്ടിയിട്ടിരുന്ന തെക്കുംഭാഗത്തെ മത്സ്യഭവന്‍ തുറക്കുന്നത് അനിശ്ചിതത്വത്തില്‍.കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. മേശയും കസേരയും അലമാരയുമെല്ലാം കേടായിക്കിടക്കുകയാണ്.കെട്ടിടം നവീകരണത്തിന് ഫിഷറീസ് വകുപ്പ് പരവൂര്‍ നഗരസഭയുടെ സഹായം തേടി. എന്നാല്‍ സാങ്കേതികതടസ്സം നഗരസഭയ്ക്കും പരിമിതിയാവുകയാണ്.കെട്ടിടനവീകരണത്തിന് മൂന്നു മത്സ്യഭവനുകള്‍ക്ക് ഫണ്ട് അനുവദിച്ചെങ്കിലും പരവൂര്‍ പരിഗണിക്കപ്പെട്ടില്ല.കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭയ്ക്ക് പ്രായോഗിക തടസ്സങ്ങളുണ്ട്. അടുത്തവര്‍ഷത്തെ പദ്ധതിയില്‍ പരിഗണിക്കാമെന്നാണ് മറുപടി. പരവൂര്‍ നഗരസഭയില്‍ മത്സ്യഭവനില്ലാത്തത് മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നു. ക്ഷേമനിധി അടയ്ക്കാന്‍ മയ്യനാട്ട് പോകണം. വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് അറിയാനും സംശയനിവൃത്തിക്കും വഴിയില്ല. 2003-ലാണ് തെക്കുംഭാഗത്ത് മത്സ്യഭവന്‍ നിര്‍മിച്ചത്. വൈദ്യുതിബില്ല് അടക്കാത്തതിനാല്‍ വൈദ്യുതി വിഛേദിക്കപ്പെട്ടു. അതോടെ ഓഫീസ് പൂട്ടിയിടുന്ന സ്ഥിതിയായി. കെട്ടിടത്തിനുചുറ്റും കാടുവളര്‍ന്നു. ഓഫീസ് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കെട്ടിടം നവീകരിച്ച് വിപുലപ്പെടുത്തിയാല്‍ തീരദേശ പോലീസ് സ്റ്റേഷനും ഉപയോഗപ്പെടുത്താമെന്നും അഭിപ്രായമുയരുന്നുണ്ട്.




