Home Latest News in Kerala റബറിന് വില ഉയര്‍ന്നു ; വില്ലനായി ഇലകൊഴിച്ചില്‍

റബറിന് വില ഉയര്‍ന്നു ; വില്ലനായി ഇലകൊഴിച്ചില്‍

3
0

മുണ്ടക്കയം: പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില റബറിനു ലഭിച്ചു തുടങ്ങിയപ്പോള്‍ ഇലകൊഴിച്ചില്‍ വില്ലനാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. റബറിന്റെ ഇലകൊഴിച്ചിലിന്റെ ആരംഭഘട്ടത്തില്‍ ഉത്പാദനം വര്‍ധിക്കുമെങ്കിലും ഇലകള്‍ പൂര്‍ണമായും കൊഴിയുന്നതോടെ ഉത്പാദനം കുറയുകയും ഈ സമയങ്ങളില്‍ ടാപ്പിംഗ് നിര്‍ത്തിവയ്ക്കുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം പതിവിനു വിപരീതമായി ഡിസംബര്‍ ആദ്യവാരം വരെ നിലയ്ക്കാതെ പെയ്ത മഴ റബര്‍ ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. രണ്ടാഴ്ച മാത്രമേ ആയുള്ളൂ റബര്‍ ടാപ്പിംഗ് സാധാരണനിലയിലേക്ക് എത്തിയിട്ട്. ശരാശരി വില കൂടി ലഭിക്കാന്‍ തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആരംഭിക്കുന്ന ഇല കൊഴിച്ചില്‍ ഈ വര്‍ഷം നേരത്തെ ആരംഭിച്ചത് റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇക്കുറി പകല്‍സമയത്തെ കനത്ത ചൂടും രാത്രിയിലുള്ള മൂടല്‍ മഞ്ഞും ഉത്പാദനത്തെ കാര്യമായി ബാധിക്കും. ചെറുകിട റബര്‍ കര്‍ഷകരെയും വന്‍കിട എസ്റ്റേറ്റുകളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നം മുന്‍കാലങ്ങളില്‍ കടുത്ത വേനലില്‍ മാത്രമായിരുന്നുള്ളത്. റബറിനെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന മേഖലയിലെ കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. വെയിലേറ്റ് വാടിയ റബര്‍ മരങ്ങളില്‍ പാലിന്റെ അളവ് കുറയുന്നത് അന്തരീക്ഷ മര്‍ദത്തിന്റെ മാറ്റംകൊണ്ടാണ്. റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുമ്പോള്‍ മരങ്ങളിലെ നാരുകള്‍ വഴിയാണ് ലാറ്റക്‌സ് ഒഴുകിയെത്തുന്നത്. നല്ലരീതിയില്‍ ലാറ്റക്‌സ് ലഭിക്കുന്നതു പൊതുവേ മഞ്ഞുകാലത്താണ്. വേനല്‍ക്കാലത്ത് ചൂടുകൂടി അന്തരീക്ഷ മര്‍ദം കൂടുമ്പോള്‍ മരങ്ങളിലെ പട്ടയിലെ ഫൈബറുകളിലെ മര്‍ദം കുറയുന്നതാണ് പ്രധാന പ്രശ്‌നം. റബര്‍നാരുകളിലെ മര്‍ദം പുറത്തേ മര്‍ദത്തെക്കാള്‍ കുറവാകുമ്പോള്‍ ലാറ്റക്‌സ് ഒഴുക്കാനുള്ള മരങ്ങളുടെ ശക്തി കുറയും. എല്ലാ വേനല്‍ക്കാലങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാകാനാണ് സാധ്യത. വന്‍കിട എസ്റ്റേറ്റുകളില്‍ പലപ്പോഴും വേനല്‍ക്കാലത്ത് ടാപ്പിംഗ് നിര്‍ത്തിവയ്ക്കുകയാണു പതിവ്. എന്നാല്‍ മരംവെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേക്ക് ഉപജീവനം തേടുന്ന ചെറുകിട കര്‍ഷകരുടെ ജീവിതം ഇതോടെ ദുരിതത്തിലാകും. മരത്തിന്റെ പട്ടയില്‍ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടില്‍നിന്നു രക്ഷിക്കുവാനുള്ള ശ്രമം മാത്രമാണ് പരിഹാരമായുള്ളത്. എങ്കിലും ജനുവരി അവസാന വാരം വരെ ടാപ്പിംഗ് സാധിക്കുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here