Home Kerala മനുഷ്യജീവനുകള്‍ പൊലിയുന്നു; നടപടിയെടുക്കാതെ അധികൃതര്‍

മനുഷ്യജീവനുകള്‍ പൊലിയുന്നു; നടപടിയെടുക്കാതെ അധികൃതര്‍

8
0


വടക്കഞ്ചേരി: അശാസ്ത്രീയമായ ആറുവരി ദേശീയപാത നിര്‍മാണവും പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിംഗും മൂലം പന്തലാംപാടത്തു മനുഷ്യ ജീവനുകള്‍ പൊലിയുന്‌പോഴും അധികൃതര്‍ക്കു കുലുക്കമില്ല. ഇന്നലെ റിട്ട. അധ്യാപിക കാറിടിച്ചു മരിച്ചതുള്‍പ്പെടെ പത്തുദിവസത്തിനുള്ളില്‍ രണ്ടുപേരാണ് പന്തലാംപാടം സ്‌കൂള്‍ ജംഗ്ഷനില്‍ വാഹനങ്ങള്‍ ഇടിച്ചുമരിച്ചത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ കാല്‍നടയാത്രക്കാര്‍ക്കു പാത മുറിച്ചുകടക്കാന്‍ മേല്‍പ്പാത നിര്‍മിക്കണമെന്നു വ്യവസ്ഥയുണ്ട്. ആറുവരി ദേശീയപാത നവീകരണത്തിന്റെ സ്‌കെച്ചിലും ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെയായിട്ടും മേല്‍പ്പാതയുടെ നിര്‍മാണം പോലും ആരംഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുന്ന പ്രദേശമാണെന്ന് സൂചന നല്‍കുന്ന സിഗ്‌നല്‍ സംവിധാനവും ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടില്ലെന്നതും വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടുന്നു. മഞ്ഞ ബ്ലിങ്കിംഗ് ലൈറ്റെങ്കിലും സ്ഥാപിച്ചിരുന്നെങ്കില്‍ വാഹനങ്ങള്‍ വേഗത കുറച്ചു കടന്നുപോകുന്ന സ്ഥിതിയുണ്ടാകും. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുംവിധമാണ് പാതയിലെ യു ടേണ്‍ നിര്‍മാണമെന്നു പന്തലാംപാടം പള്ളി വികാരി ഫാ.ജോബി കാച്ചപ്പിള്ളി പറഞ്ഞു. വാഹനങ്ങള്‍ തിരിയുന്ന ജംഗ്ഷനാണെന്നു തിരിച്ചറിയാനുള്ള സിഗ്‌നലുകളും ഇവിടെയില്ല. പ്രാണനടക്കിപ്പിടിച്ചു വേണം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തിരിഞ്ഞു പോകാന്‍. പാതയോരത്തു വലിയ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിടുന്നതും അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നുണ്ട്. വാഹനങ്ങളുടെ മറവില്‍ ദൂരക്കാഴ്ച മറയ്ക്കുന്നത് അപകടങ്ങള്‍ ഉണ്ടാക്കുന്നു. പല ഭാഗത്തും സര്‍വീസ് റോഡുകള്‍ കൂട്ടിമുട്ടിക്കാതെ തോന്നുംമട്ടില്‍ കിടക്കുന്നതും അപകടക്കെണിയൊരുക്കുകയാണ്. ഇടവഴികളില്‍നിന്നുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരിട്ടു ദേശീയ പാതയിലേക്കു കയറണം. ഒരാഴ്ച മുമ്പ്് കാക്കാനിയില്‍ വര്‍ക്കിച്ചേട്ടന്‍ അപകടത്തില്‍ മരിച്ച സംഭവമുണ്ടായി.ചില ബസുകാര്‍ സ്റ്റോപ്പിനു മുന്നേനിര്‍ത്തി യാത്രക്കാരെ ഇറക്കിപ്പായും. കുട്ടികള്‍ ഓടി ബസിനടുത്തെത്തുമ്പോഴേക്കും ബസ് കുതിക്കും. കുട്ടികളെ കണ്ടാല്‍ സ്പീഡ് കൂട്ടുന്ന ബസുകളും കുറവല്ല. സ്‌കൂള്‍ വിട്ട് ഇന്നലെ പന്തലാംപാടം സ്റ്റോപ്പില്‍നിന്നും കുട്ടികളെല്ലാം ബസില്‍ കയറിപ്പോകാന്‍ രണ്ടു മണിക്കൂറെടുത്തു. അധ്യാപകര്‍ നടുറോഡിലേക്കിറങ്ങി കൈകാണിച്ചിട്ടും രക്ഷയുണ്ടായില്ല. സ്റ്റോപ്പില്‍ നിര്‍ത്താതെ ബസുകള്‍ പായുന്നതാണ് കുട്ടികള്‍ റോഡില്‍ വെയിലത്തു നില്‍ക്കേണ്ട സ്ഥിതി ഉണ്ടാക്കുന്നത്. ഓരോ ബസിലും പത്തോ പതിനഞ്ചോ കുട്ടികളെയെങ്കിലും കയറ്റിക്കൊണ്ടുപോയാല്‍ അര മണിക്കൂറിനുള്ളില്‍ എല്ലാം കുട്ടികള്‍ക്കും വീടുകളിലെത്താം. ഇതിനായി കുട്ടികളെ വരിയായി നിര്‍ത്തിയാണ് അധ്യാപകര്‍ ഒപ്പം നില്‍ക്കുന്നത്. ഓരോ ദിവസവും കുട്ടികളെ നിയന്ത്രിച്ച് ബസില്‍ കയറ്റിവിടാന്‍ രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ ജോജി ഡേവിഡ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ കയറ്റാതെ പായുന്ന ബസുകളുടെ നമ്പര്‍ സഹിതം പോലീസില്‍ പരാതി നല്‍കിയാല്‍ രണ്ടുദിവസം ബസുകാര്‍ മര്യാദക്കാരാകും. പിന്നെ താളം തെറ്റും. മതിയായ സിഗ്‌നലുകള്‍ സ്ഥാപിക്കുന്നതിനൊപ്പം പാതയോരങ്ങളില്‍ അപകടമുണ്ടാക്കുംവിധം പ്രവര്‍ത്തിക്കുന്ന താത്കാലിക കടകളും നീക്കം ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here