
കോട്ടയം: നഗരത്തില്‍ തെരുവുനായ ശല്യം വീണ്ടും രൂക്ഷമായി. ബൈപാസ് റോഡുകള്‍, മാര്‍ക്കറ്റ്, ശാസ്ത്രി റോഡ്, ചൊല്ലിയൊഴുക്കം റോഡ്, തിരുനക്കര മൈതാനം, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് നായശല്യം വര്‍ധിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കുനേരേ നായയുടെ അക്രമണവും പതിവാണ്. സ്ത്രീകളും പ്രായമായവും കുട്ടികളും വളരെ ഭയന്നാണ് ടൗണിലെ റോഡുകളിലൂടെ പോകുന്നത്. ചിലയിടങ്ങളില്‍ കൂട്ടത്തോടെയാണ് നായ്ക്കൂട്ടം യാത്രക്കാര്‍ക്കുനേരെ കുരച്ചുകൊണ്ട് എത്തുന്നത്. മാലിന്യങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയാണ് നായ്ക്കള്‍ അധികവും എത്തുന്നത്. പകല്‍ വെയില്‍ ശക്തമാകുന്‌പോള്‍ വെയിറ്റിംഗ് ഷെഡുകളിലും കടത്തിണ്ണകളിലും ഇവ ഉറങ്ങാനായി എത്തും. നായ്ക്കള്‍ വാഹനങ്ങളുടെ മുമ്പില്‍ ചാടിയും അപകടങ്ങള്‍ പതിവാണ്. ഇരുചക്ര വാഹനയാത്രാക്കാണു കൂടുതലും അപകടത്തില്‍പ്പെടുന്നത്. തെരുവുനായ ശല്യം വര്‍ധിച്ചിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ നായകളെ വന്ധ്യകരണം നടത്തുന്ന എബിസി പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിരുന്നു. ഇതിന്റെ നടത്തിപ്പ് കുടുംബശ്രീക്കായിരുന്നു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടികളുണ്ടായില്ല. ഇതോടെയാണ് നായ്ക്കളുടെ ശല്യം വര്‍ധിച്ചത്.പ്രഭാത -സായാഹ്ന നടപ്പുകാര്‍ക്കും ഭീഷണി നഗരത്തിലെ പ്രഭാത-സായാഹ്ന നടപ്പുകാര്‍ക്കും തെരുവുനായ്ക്കളുടെ ഭീഷണി. പാറേച്ചാല്‍, ഈരയില്‍കടവ് ബൈപാസിലും നെഹ്‌റു സ്റ്റേഡിയം പവലിയനിലുമാണ് നടപ്പുകാര്‍ കൂടുതലായി എത്തുന്നത്. സ്ത്രീകളും കുട്ടികളും ഒക്കെ ഇവിടങ്ങളെ പതിവു നടപ്പുകാരാണ്. ഇപ്പോള്‍ നടപ്പുകാരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. നായ ഭീതിയിലാണു പലരും നടപ്പ് ഉപേക്ഷിച്ചത്. പുലര്‍ച്ചെ ബൈപാസ് റോഡുകളില്‍ കൂട്ടമായി കിടക്കുന്ന നായ്ക്കള്‍ നടപ്പുകാര്‍ക്കുനേരെ തിരിയുകയാണ്. അടുത്തനാളില്‍ പാറേച്ചാല്‍ ബൈപാസില്‍ നിരവധി നടപ്പുകാര്‍ക്ക് നായക്കളുടെ കടിയേറ്റിരുന്നു. ബൈപാസുകളുടെ വശങ്ങളില്‍ രാത്രി കാലത്ത് മാലിന്യനിക്ഷേപം പതിവാണ്. ഈ മാലിന്യങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ തേടിയെത്തുന്നതാണ് നായ്ക്കള്‍. സൈക്കിള്‍ സവാരിക്കാരുടെ നേരെയും കുരച്ചുകൊണ്ട് നായക്കള്‍ എത്താറുണ്ട്.







