Home Business സ്വര്‍ണവില താഴോട്ട്; രണ്ടാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് 1120രൂപ

സ്വര്‍ണവില താഴോട്ട്; രണ്ടാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് 1120രൂപ

3
0

കൊച്ചി: സ്വര്‍ണ വിപണി അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. രണ്ടാഴ്ചകൊണ്ട് 1120 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 440 രൂപ ഒറ്റയടിക്കു കുറഞ്ഞിരുന്നു. മാസാദ്യം പവന് 21,920 രൂപയായിരുന്ന സ്വര്‍ണവില ഇപ്പോള്‍ 20,800ല്‍ എത്തി. രാജ്യാന്തര തലത്തില്‍ വില കുറയുന്നതോടൊപ്പം ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറയുകയും ചെയ്തതാണ് സ്വര്‍ണ വിപണിക്ക് തിരിച്ചടിയായത്.

കല്യാണസീസണ്‍ കഴിഞ്ഞതോടെ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതാണു വില ഇടിയാന്‍ കാരണം. ഇതിന് പുറമേ രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതു സ്വര്‍ണത്തെ നിക്ഷേപകരില്‍ നിന്ന് അകറ്റുന്നുമുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ .2 ശതമാനം ഇടിഞ്ഞു. മുംബൈ വിപണിയില്‍ ഇന്നലെ 10 ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞു.

ഫെഡറല്‍ റിസര്‍വ് പണനയം, ഓഹരി വിപണികളിലെ കുതിപ്പ്, യുദ്ധ ഭീതിയൊഴിഞ്ഞ് കൊറിയ ശാന്തമായതും കല്ല്യാണ സീസണ്‍ കഴിഞ്ഞ് ഇന്ത്യക്കാര്‍ സ്വര്‍ണക്കടയില്‍നിന്നും ഇറങ്ങിയതൊക്കെയാണ് സ്വര്‍ണ വിലയിടിയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ലോകത്തില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതാണു രാജ്യാന്തര തലത്തിലും ഡിമാന്‍ഡ് കുറയാനുള്ള ഒരു കാരണം.

നോട്ട് നിരോധനവും ചരക്ക്, സേവന നികുതിയും ഡിമാന്‍ഡ് കുറയാന്‍ കാരണമായി. രണ്ടു വര്‍ഷം മുന്‍പ് ഇതേ സമയത്തുണ്ടായിരുന്നതിനെക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ ഡിമാന്‍ഡ് കുറവാണ് കേരള വിപണിയില്‍ അനുഭവപ്പെടുന്നത്. കല്ല്യാണ സീസണുകള്‍ കഴിഞ്ഞതും ഇന്ത്യക്കാര്‍ കൂട്ടത്തോടെ വിപണി വിടാന്‍ കാരണമായി. കഴിഞ്ഞ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 40 ശതമാനം കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

ആഗോള ഓഹരി വിപണികള്‍ കുതിപ്പിന്റെ പാതയിലായതും സ്വര്‍ണ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. സാധാരണയായി ഡോളറോ ഓഹരിയോ ഇടിഞ്ഞാലാണു നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്കു വരിക. ആഗോള ഓഹരി സൂചിക കുതിച്ചതോടെ സ്വര്‍ണത്തെക്കാള്‍ വരുമാനം ലഭിക്കുന്ന നിക്ഷേപമായി നിക്ഷേപകര്‍ ഓഹരിയെ കാണുന്നതും സ്വര്‍ണ വില ഇടിക്കുന്നുണ്ട്.

സ്വര്‍ണ വില പവന് 20800 എന്ന അഞ്ചു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞതോടെ സ്വര്‍ണത്തിന് കേരള വിപണിയില്‍ ആവശ്യക്കാരേറുമെന്ന് വ്യാപാരികള്‍ പറയുന്നു. പക്ഷേ, ഡിമാന്‍ഡ് കൂടിയാലും, വില കുറയാനുള്ള മറ്റു പ്രധാന കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വില കൂടാന്‍ സാധ്യതയില്ലെന്നും വ്യാപാരികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here