ലക്നൗ: വാരണാസിയിലെ ചരിത്രസ്മാരകമായ രാംനഗര്‍ കോട്ടയില്‍ നിന്നും സാധനങ്ങള്‍ മോഷണം പോകുന്നതായുള്ള ആരോപണത്തില്‍ രാജകുടുംബത്തിലെ നാലുപേര്‍ക്കെതിരേ കേസ്.
ജൂണ്‍ 24 ന് കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രാജേഷ്‌കുമാര്‍ ശര്‍മ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പരാതിക്കാരന്‍ പറയുന്നതനുസരിച്ച്, കാശി നര്‍ഷിന്റെ രാജകുടുംബത്തിലെ നാല് അംഗങ്ങള്‍ കോട്ടയില്‍ നിന്ന് ഒരു കിടക്കയും കുറച്ച് ഫര്‍ണിച്ചറുകളും ചില പ്രധാന രേഖകളും മോഷ്ടിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്. കാശി വിഭൂതി നാരായണ്‍ സിംഗിന്റെ മകനും കോട്ടയുടെ ഉടമസ്ഥത ഇപ്പോള്‍ കയ്യാളുന്നയാളുമായ മഹാരാജ് അനന്ദ് നാരായണ്‍ സിംഗ്, സഹോദരിമാരായ രാജകുമാരിമാര്‍ വിഷ്ണുപ്രിയയ്ക്കും കൃഷ്ണപ്രിയയ്ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേയാണ് കേസ്.
ജൂണ്‍ 25 ന് കോട്ടയിലെ ജീവനക്കാരനായ കൗശലേന്ദ്ര ശര്‍മ്മയോട് അനന്ദ് നാരായണ്‍ സിംഗിന്റെ വസ്തുക്കള്‍ അടങ്ങിയ മുറി പൂട്ടിയിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൂട്ട് തകര്‍ക്കപ്പെട്ടു. ”പ്രധാനപ്പെട്ട രേഖകള്‍, തടിയുപകരണം, ഒരു കിടക്ക എന്നിവ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ കോട്ടയില്‍ താമസിക്കുന്ന രാജകുമാരിമാരായ വിഷ്ണുപ്രിയയും കൃഷ്ണപ്രിയയും വരദ് നാരായണ്‍ സിംഗ്, ബല്ലഭ് നാരായണ്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് പൂട്ട് കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തി”
അതേസമയം ഈ കേസ് രാജകുടുംബത്തില്‍ നില നില്‍ക്കുന്ന വസ്തു തര്‍ക്കത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷ്ണുപ്രിയ, ഹരിപ്രിയ, കൃഷ്ണപ്രിയ എന്നീ രാജകുമാരിമാരും കുണ്‍വര്‍ അനന്ദ് നാരായണ്‍ സിംഗ് എന്ന സഹോദരനും തമ്മിലാണ് സ്വത്തു തര്‍ക്കം. സഹോദരിമാര്‍ കോട്ടയിലാണ് താമസിക്കുന്നത് എന്നാണ് കണ്‍വര്‍ ആനന്ദ നാരായണ്‍ സിംഗ് പറയുന്നത്.
കാശിനരേഷ് ഡോ. വിഭൂതി നാരായണ്‍ സിംഗ് വിവാഹസമയത്ത് മൂന്ന് പെണ്‍മക്കള്‍ക്കും സ്വത്തുക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ കാശി നരേഷിന്റെ മരണത്തിന് ശേഷം 2005 മുതല്‍ വസ്തുവകകള്‍ക്ക് അവകാശം ഉന്നയിച്ച് സഹോദരിമാര്‍ രംഗത്ത് വരികയായിരുന്നു. പുതിയ വിവാദത്തിന് ആധാരം കോട്ടയിലെ ചില ഉദ്യോഗസ്ഥരാണെന്നാണ് സഹോദരിമാരില്‍ ഇളയവള്‍ കൃഷ്ണപ്രിയ ആരോപിക്കുന്നത്. സഹോദരിമാര്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് കേസെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.
സ്വന്തം വീട്ടില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും മോഷ്ടിക്കുമോ എന്നും ചോദിക്കുന്നു. അനേകം ടൂറിസ്റ്റുകള്‍ എത്തുന്ന അവരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയായ കോട്ടയില്‍ തന്നെയാണ് രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നതും. കൊട്ടാരത്തിന് അകത്തും പുറത്തുമുള്ള വസ്തുവകകളില്‍ മൂന്ന് രാജകുമാരിമാരും കണ്‍വര്‍ ആനന്ദ് നാരായണ്‍ സിംഗും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി തര്‍ക്കമുണ്ട്. 1750 ല്‍ രജപുത്ര മാതൃകയി പണികഴിപ്പിച്ച കോട്ടയിലെ നിലവിലെ രാജാവ് അനന്ദ് നാരായണ്‍ സിംഗാണ്.






