
ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുമായി ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ഭോപ്പാലിലെ സാഗറില്‍ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകള്‍ പോളിങ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്ട്രോങ് റൂമിലെത്തിയതെന്ന ആരോപണത്തിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ഷുജല്‍പൂരിലെ ഹോട്ടലിലാണ് വി.വി.പാറ്റുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ച് കോണ്‍ഗ്രസും എ.എ.പിയും ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇ.വി.എം സൂക്ഷിച്ച ഭോപ്പാലിലെ സ്ട്രോങ് റൂമില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങളുടെ സംപ്രേഷണം ദുരൂഹമായ സാഹചര്യത്തില്‍ തടസ്സപ്പെട്ടത് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ഭോപ്പാലിലെ സ്ട്രോങ് റൂമിനു പുറത്ത് കോണ്‍ഗ്രസും എ.എ.പിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.








