ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരില്‍ മാനവവിഭവശേഷി വകുപ്പിന്റെ സഹമന്ത്രിയായ ബിഹാറില്‍ നിന്നുള്ള ആര്‍എല്‍എസ്പി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ ചേരുന്ന വിശാലപ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ കുശ്‌വാഹ പങ്കെടുത്തേയ്ക്കുമെന്നാണ് സൂചന.
നാളെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തില്‍ ആര്‍എല്‍എസ്പി പങ്കെടുക്കില്ല. എന്‍ഡിഎ സഖ്യം ആര്‍എല്‍എസ്പി ഉപേക്ഷിച്ചു.
2019 ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലില്‍ അതൃപ്തിയുമായാണ് കുശ്‌വാഹ മുന്നണി വിടുന്നത്. നിതീഷ് കുമാറിന്
ബിഹാറില്‍ എന്‍ഡിഎ നല്‍കുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആര്‍എല്‍എസ്പിക്ക് കിട്ടാത്തതില്‍ കുശ്‌വാഹയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ സാഹചര്യത്തിലാണ് കയ്യിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്രകുശ്‌വാഹ ഇറങ്ങിപ്പോകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിയ്‌ക്കെയാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയുമായി സഖ്യകക്ഷി മുന്നണി വിടുന്നത്.
അതേസമയം, എന്‍ഡിഎ വിടാനുള്ള കുശ്‌വാഹയുടെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം പുകയുകയാണെന്നാണ് സൂചന.
ആര്‍എല്‍എസ്പിയുടെ വിമത എംപി അരുണ്‍ കുമാര്‍ ഉള്‍പ്പടെയുള്ള രണ്ട് എംപിമാര്‍ക്ക് കുശ്‌വാഹ എന്‍ഡിഎ വിടുന്നതിനോട് യോജിപ്പില്ല. വിമത എംപി എന്‍ഡിഎയ്ക്കുള്ള തന്റെ പിന്തുണ പിന്‍വലിയ്ക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു.




