Home Breaking News 43 കോടി! അമേരിക്കയില്‍നിന്ന് നാടുകടത്തപ്പെട്ട പഞ്ചാബികള്‍ ഏജന്റുമാര്‍ക്ക് നല്‍കിയത് വന്‍ തുക

43 കോടി! അമേരിക്കയില്‍നിന്ന് നാടുകടത്തപ്പെട്ട പഞ്ചാബികള്‍ ഏജന്റുമാര്‍ക്ക് നല്‍കിയത് വന്‍ തുക

2
0

us flight

ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ പഞ്ചാബികളായ 127 പേര്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് കമ്മീഷനായി നല്‍കിയത് വന്‍ തുക. അമേരിക്കയിലേക്ക് കടക്കാന്‍ 43 കോടി രൂപയാണ് ഇവര്‍ ഏജന്റുമാര്‍ക്ക് കൈമാറിയത്.
അധികൃതര്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം, ആദ്യമെത്തിയ സംഘത്തിലുള്ള പഞ്ചാബികളായ 31 പേര്‍ 4.95 കോടി രൂപയാണ് ഏജന്റിന് നല്‍കിയത്. രണ്ടാമത്തെ സംഘത്തിലുള്ളവര്‍ 26.97 കോടിയും മൂന്നാം ബാച്ചിലെത്തിയ 31പേര്‍ 11.37 കോടിയും ഏജന്റുമാര്‍ക്ക് നല്‍കിയാണ് അമേരിക്കയിലെത്തിയത്. നാടുകടത്തപ്പെട്ട് ഫെബ്രുവരി 5,15,16 തീയതികളില്‍ മൂന്ന് സംഘമായി ഇന്ത്യയിലെത്തിയ 332 പേരില്‍ 127 പേര്‍ പഞ്ചാബികളായിരുന്നു.
അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ ശേഷം നാടുകടത്തപ്പെട്ടവര്‍ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുക ക്രോഡീകരിച്ചത്. ഏജന്റിന്റെ പേര്, നല്‍കിയ പണം, ഏത് വഴിയിലൂടെ യു.എസ് അതിര്‍ത്തിയിലെത്തി എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇവരില്‍നിന്ന് ശേഖരിച്ചിരുന്നു. ആദ്യ ബാച്ചിലെത്തിയവര്‍ വിവരങ്ങള്‍ നല്‍കാന്‍ മടി കാണിച്ചെങ്കിലും പിന്നീടെത്തിയ രണ്ട് ബാച്ചിലുള്ളവരും സഹകരിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശരാശരി 40-45 ലക്ഷം രൂപയാണ് ഓരോരുത്തരും ഏജന്റുമാര്‍ക്ക് നല്‍കിയത്. പാകിസ്താന്‍, ദുബായ്, ഇറ്റലി, സ്‌പെയിന്‍, മെക്‌സിക്കോ, യു.എസ്, യു.കെ എന്നിവിടങ്ങളിലും പഞ്ചാബിലും ഉള്ളവരായിരുന്നു ഏജന്റുമാര്‍. എന്നാല്‍ നാടുകടത്തപ്പെട്ട് തിരിച്ചെത്തിയ പലര്‍ക്കും ഏജന്റുമാരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നത്.
കൂടാതെ, ഏജന്റുമാര്‍ക്ക് പണം നല്‍കിയവരില്‍ ഭൂരിഭാഗം പേര്‍ക്കും രസീതും ലഭിച്ചില്ല. ചിലര്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി പണം നല്‍കിയത്. മറ്റുചിലര്‍ മൊത്തം തുകയില്‍ പകുതി പണമായും ബാക്കി ഓണ്‍ലൈനിലൂടെയുമാണ് കൈമാറിയത്. അതേസമയം, ഏജന്റുമാര്‍ക്കെതിരേ കേസ് കൊടുക്കാന്‍ ചിലര്‍ തയ്യാറാകുന്നുണ്ടെങ്കിലും മറ്റുചിലര്‍ വിമുഖത കാട്ടുന്നുണ്ട്.
ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്. ഫെബ്രുവരി അഞ്ചിനാണ്
വിവിധ സംസ്ഥാനക്കാരായ ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്സറിലെത്തിയത്. അതേസമയം, അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തില്‍ കൊണ്ടുവന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here