Home Kerala യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; സംസ്‌കാര ചടങ്ങുകളില്‍ വന്‍ജനാവലി; പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; സംസ്‌കാര ചടങ്ങുകളില്‍ വന്‍ജനാവലി; പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി

2
0

കാസര്‍ക്കോട്: ഞായറാഴ്ച്ച രാത്രി സി പി എം പ്രവര്‍ത്തകര്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു്. രണ്ട് ബൈക്കുകളും കസ്റ്റഡിയിലുണ്ട്.

അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് എഫ് ഐ ആറില്‍ പറയുന്നുണ്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമെന്നും എഫ്ഐആറില്‍ പറയുന്നു.

ശരത്തിന്റെ ഇടതു നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തിലുള്ള മുറിവാണ് ഒന്ന്. വലതു ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ട് രണ്ടാമത്തേത്. മുട്ടിനു താഴെ മാത്രം അഞ്ചിടത്തു വെട്ടേറ്റു. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണു കാലുകളില്‍. കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റത്. 11 സെന്റീമീറ്റര്‍ നീളത്തിലും 2 സെന്റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റു തലയോട്ടി തകര്‍ന്നു സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു.ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ശരത് മരിച്ചത്. ആയുധപരിശീലനം ലഭിച്ചവരോ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം.കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണു പ്രാഥമിക നിഗമനം. കൃപേഷിന്റെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ്. വെട്ടേറ്റു തലച്ചോറ് പിളര്‍ന്നു. ശരത്ലാലിന്റെ ശരീരത്തില്‍ 15 വെട്ടുണ്ട്. ഇതില്‍ 2 വെട്ടുകള്‍ മരണകാരണമായതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കളുടെയും കക്ഷിരാഷ്ട്രീയം മറന്ന ജനക്കൂട്ടത്തിന്റെയും സാന്നിധ്യത്തില്‍ വിലാപ യാത്രയായി പെരിയയിലേക്ക് കൊണ്ടുവന്ന് കല്യോട്ടെ വീട്ടുവളപ്പുകളില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍നിന്നും പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ബന്ധുക്കളും ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ ഉച്ചയോടെയാണ് പെരിയയിലേക്ക് കൊണ്ടുപോയത്. സി പി എം പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലും, തൃക്കരിപ്പൂരിലും, ചെറുവത്തൂരിലും നീലേശ്വരത്തും, കാഞ്ഞങ്ങാട്ടും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു. ജന്മനാടായ പെരിയയിലെ കോണ്‍ഗ്രസ് ഓഫീസിലും വായനശാലയിലും പൊതുദര്‍ശനത്തിനുവെച്ചശേഷമാണ് മൃതദേഹങ്ങല്‍ സംസ്‌കാരത്തിനായി കൊണ്ടു പോയത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എറണാകുളം ജില്ലയില്‍ നടത്തുകയായിരുന്ന പര്യടനം നിര്‍ത്തിവെച്ചാണ് കാസര്‍കോട്ടെത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡി സി സി പ്രസിഡന്റ് ഹക്കീം തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ശരത്തിന്റെ വീട്ടിലെത്തിയ മുല്ലപ്പള്ളി വീട്ടുകാരുടെ ദുഃഖം കണ്ട് സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. കൊല്ല പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപവീതം നല്‍കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃഷ്ണന്റെ മകന്‍ കിച്ചു എന്ന കൃപേഷ് (24), സത്യനാരായണന്റെ മകന്‍ ജോഷി എന്ന ശരത്ത് ലാല്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യോട്ട് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും കൃപേഷിനെ വീട്ടിലേക്ക് കൊണ്ടുവിടാനായി പോകുമ്പോഴാണ് കിച്ചു കൃപേഷിനെയും, സുഹൃത്ത് ജോഷി എന്ന ശരത്ത് ലാലിനെയും വാഹനത്തില്‍ വന്ന ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഘത്തിലെ കുറച്ചുപേര്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here