ഇന്ത്യന്‍ ജനത ഒന്നടങ്കം കാതുകൂര്‍പ്പിച്ച് കേള്‍ക്കാന്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി. ജയ്‌ഷെ ഭീകരരുടെ താവളം തകര്‍ത്ത് തരിപ്പണമാക്കി വ്യോമസേനയുടെ ചുണക്കുട്ടന്മാര്‍ പകരം വീട്ടി. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ നഷ്ടപ്പെട്ട അന്നുമുതല്‍ ക്ഷമയറ്റ് കാത്തിരിക്കുകയായിരുന്നു ഇന്ത്യ. പാക് ഭീകരരെ അവരുടെ മണ്ണില്‍ കടന്നുകയറി ഇന്ത്യന്‍ സൈന്യം വകവരുത്തി എന്ന വൃത്താന്തം ശ്രവിച്ചുകൊണ്ടാണ് രാജ്യം ഇന്നലെ ഉണര്‍ന്നത്. പുലര്‍ച്ചെ മൂന്നര മണിക്ക് ഇന്ത്യയുടെ അഭിമാനമായ വ്യോമസേന ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി. പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദിന്റെ മുന്നൂറിലധികം ഭീകരരേയും തലവന്മാരെയും ചുട്ടുചാരമാക്കി. മിറാഷ്-2000 എന്ന യുദ്ധവിമാനങ്ങളുടെ ചിറകിലേറിയാണ് ധീരദേശാഭിമാനികളായ നമ്മുടെ സേനാംഗങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ 12-ാം ദിവസമായിരുന്നു ഇന്നലെ.
ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ അവിചാരിതമായുണ്ടായ ചാവേര്‍ ആക്രമണം അപ്രതീക്ഷിതവും അപമാനകരവുമായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ജവാന്മാരുടെ ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റിയാണ് 40 ജവാന്മാരെ ജയ്‌ഷെ ഭീകരന്മാര്‍ ആസൂത്രിതമായി വധിച്ചത്. പാകിസ്ഥാന്റെ ഒത്താശയോടെ ആ രാജ്യം കേന്ദ്രമാക്കി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന ഭീകരസംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. അവര്‍ പാകിസ്ഥാനില്‍ എവിടൊക്കെയാണ് ക്യാമ്പ് ചെയ്തിരിക്കുന്നതെന്ന് പല തവണ ഇന്ത്യ നയതന്ത്ര വൃത്തങ്ങളിലൂടെ പാക് ഭരണകൂടത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സംഘടനകളേയും വ്യക്തികളേയും പേരെടുത്ത് പറഞ്ഞ് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കിയിട്ടും പാകിസ്ഥാന്‍ ഫലപ്രദമായ യാതൊരു നടപടിയും കൈക്കൊണ്ടില്ല. പാകിസ്ഥാന്റെ ഒത്താശയോടെയാണ് കശ്മീരില്‍ യുവാക്കളെ വഴിതെറ്റിച്ച് ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതെന്ന് വ്യക്തമായി. നിരവധി താക്കീതുകളെ അവഗണിച്ച് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയ പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രി നയസമീപനങ്ങളില്‍ മാറ്റമൊന്നും പ്രകടിപ്പിച്ചില്ല. സമാധാനത്തെക്കുറിച്ച് അന്താരാഷ്ട്ര വേദികളില്‍ സംസാരിക്കുകയും ഇന്ത്യക്കുള്ളില്‍ ഭീകരന്മാരെ വിട്ട് സൈനികരെ ആക്രമിക്കുകയും ചെയ്തുപോരുന്ന പാകിസ്ഥാന് തിരിച്ചടി കൊടുക്കാതിരിക്കാന്‍ തരമില്ലാതെ വന്നു. കശ്മീര്‍ പ്രശ്‌നത്തെ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമായി മാത്രം കരുതിപ്പോരുന്ന സ്ഥിതിക്ക് ആ വിഷയത്തെ അന്താരാഷ്ട്ര വേദിയില്‍ കൊണ്ടുവരാന്‍ ഇത്തരം ആക്രമണങ്ങളല്ലാതെ വേറെ വഴിയില്ലായിരിക്കാം. പക്ഷേ, ലോകരാഷ്ട്രങ്ങളെല്ലാം പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുകയും ഇന്ത്യയുടെ നിലപാടിനോടൊപ്പം ചേരുകയും ചെയ്തു. ചൈന ഒഴികെ മറ്റൊരു ലോകരാഷ്ട്രവും നിലവില്‍ പാകിസ്ഥാന്റെ ചെയ്തികളോട് അനുകമ്പ പോലും കാട്ടുന്നില്ല. ലോകസമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭ പാക് മണ്ണിലെ ഭീകരപ്രവര്‍ത്തനത്തെ അപലപിച്ചപ്പോള്‍ ചൈനയ്ക്കുപോലും കഴിഞ്ഞ ദിവസം മൗനം ദീക്ഷിക്കേണ്ടി വന്നു. അതുകൊണ്ട് ചൊവ്വാഴ്ച പുലര്‍ച്ചെ ബാലാകോട്ടും സമീപപ്രദേശങ്ങളിലും 12 വ്യോമസേനാ വിമാനങ്ങള്‍ നടത്തിയ മിന്നലാക്രമണം അതിര്‍ത്തി കടന്നുള്ള ഒരു യുദ്ധമായി ആരും വ്യാഖ്യാനിക്കുമെന്നു തോന്നുന്നില്ല. അതേസമയം സിംല കരാറിനു ശേഷം 47 വര്‍ഷം പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ സേന നടത്തുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് ഇന്നലെ കണ്ടത്. ഇത് പാകിസ്ഥാന്‍ ചോദിച്ചുവാങ്ങിയ പ്രഹരമാണ്. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇന്ത്യ കണക്കു തീര്‍ക്കേണ്ടിയിരുന്ന കാര്യം ഇത്രത്തോളം വൈകി എന്നുമാത്രം.
പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണത്തിന് കരസേന ഉറി മിന്നലാക്രമണം വഴി മറുപടി നല്‍കി. അതിന്റെ നൂറ് ഇരട്ടി ശക്തവും വിപുലവുമാണ് ഇന്നലെ നടന്ന പ്രത്യാക്രമണം. അതിന് മൂന്നു കാരണങ്ങളുണ്ട്. 1971നുശേഷം ആദ്യമായാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ഭേദിച്ച് പാക് മണ്ണില്‍ ഒരാക്രമണം നടത്തുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇത്തരം ഒരു നീക്കം ഉണ്ടായിരുന്നില്ല. യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നുചെല്ലുന്നതിനെ ലോകരാഷ്ട്രങ്ങള്‍ യുദ്ധസമാനമായി കണ്ടിരുന്നു. സ്‌ഫോടനശേഷിയും ആക്രമണസ്വഭാവവും പരിഗണിച്ചാല്‍ ഉറിയിലെ ആക്രമണത്തിന്റെ പതിന്മടങ്ങ് ആയുധങ്ങള്‍ ബാലാകോട്ടും പരിസരങ്ങളിലും ഉപയോഗിച്ചു. പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നു. അതിര്‍ത്തികളില്‍ ജാഗ്രത പുലര്‍ത്തുകയും സൈനികാശുപത്രികളെല്ലാം സുസജ്ജമാക്കുകയും ചെയ്ത പാകിസ്ഥാന്‍ ഭീകരതാവളങ്ങളെ ഇന്ത്യ നേരിട്ട് ആക്രമിക്കുമെന്ന് കരുതാതെ പോയതെന്താവും? ഇന്ത്യയുടെ ലക്ഷ്യം പാകിസ്ഥാനല്ല. പാക് ജനതയോട് ഇന്ത്യക്ക് എന്നും സഹാനുഭൂതി ഉണ്ട്. പക്ഷേ, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനവും ഭീകരവാദവും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല. ഇന്നലെ പുലര്‍ച്ചെയ്ക്ക് എങ്കിലും പാക് ഭരണകൂടം അത് മനസ്സിലാക്കിയെങ്കില്‍ നല്ലത്.



