കോഴിക്കോട്: നാദാപുരം ടൗണിലെ പ്രമുഖ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 92 ആപ്പിൾ ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറിലധികം വിലകൂടിയ മൊബൈൽ ഫോണുകളാണ് മോഷണം പോയത്.
ശനിയാഴ്ച രാവിലെ കടയുടമ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതോടെ നാദാപുരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് മുമ്പ് കടയ്ക്ക് മുന്നിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ സംഘം മറുവശത്തേക്ക് തിരിച്ചുവെച്ചിരുന്നു. ഒന്നിലധികം പേർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം.
കടയിലുണ്ടായിരുന്ന പണം മോഷ്ടാക്കൾ എടുത്തിട്ടില്ല. പകരം വിപണിയിൽ ഉയർന്ന വിലയുള്ള ആപ്പിൾ ഐഫോണുകൾ ഉൾപ്പെടെയുള്ള പ്രീമിയം ഫോണുകളാണ് സംഘം ലക്ഷ്യമിട്ടത്.
പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം