സീതത്തോട് ( പത്തനംതിട്ട) ∙ ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (ഗ്രാമസേവിക) വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ.റാണി ലക്ഷ്മി (37) കൂടുതൽ തട്ടിപ്പ് നടത്തിയെന്നു വിവരം.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകൾക്കു പുറമേ അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പു നടന്നെന്ന് ഉറപ്പായിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു റിപ്പോർട്ട്. ജനകീയാസൂത്രണ ഭവന നിർമാണ പദ്ധതി, വീട് മെയ്ന്റനൻസ്, ശുചിമുറി നവീകരണം എന്നീ പദ്ധതികളിൽ ബന്ധുക്കളെ തിരുകിക്കയറ്റി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയായിരുന്നു വൻ തട്ടിപ്പ് നടത്തിയത്. തണ്ണിത്തോട് പഞ്ചായത്തിൽ രണ്ടു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതു പഞ്ചായത്ത് അധികൃതർ കണ്ടെത്തി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു സീതത്തോടും പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തിയത്.
കണ്ടെത്തിയതിലും കൂടുതൽ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണു പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും. തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫിസർ വിനീതാ സോമന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അരുവാപ്പുലത്ത് 12 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണു വിവരം. പരിശോധന പൂർത്തിയായെങ്കിലേ കൃത്യമായ തുക അറിയാനാകൂ. തണ്ണിത്തോട് പഞ്ചായത്ത് നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത റാണി ലക്ഷ്മി കൊട്ടാരക്കര സബ് ജയിൽ 14 ദിവസം റിമാൻഡിലാണ്. കൂടുതൽ തെളിവു ശേഖരിച്ച ശേഷം ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.