
മാസപ്പടി കേസില്‍ CMRL നെതിരെ ഗുരുതരാരോപണവുമായി കേന്ദ്രം.CMRL 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍.പണം നല്‍കിയത് വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും. സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അഴിമതി എന്നും കേന്ദ്രം.
ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി സമര്‍പ്പിച്ച വിശദമായ വാദത്തിലാണ് CMRL നെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്.സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ രാഷ്ട്രീയ നേതാക്കളുമായും സ്ഥാപനങ്ങളുമായും CMRL അനധികൃത പണമിടപാട് നടത്തി, 185 കോടിയുടെ അനധികൃത പണമിടപാടില്‍ എക്‌സാലോജികുമായി മാത്രം നടത്തിയത് 1.72 കോടിയുടെ ഇടപാടാണ്. കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മറവില്‍ നടത്തിയത് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അഴിമതി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന അഴിമതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.അനധികൃതമായി നടത്തിയ പണമിടപാട് CMRL മായി ബന്ധപ്പെട്ട കച്ചവടക്കാരുടെ ചരക്ക് നീക്കത്തിലെ ചിലവില്‍ ഉള്‍പ്പെടുത്തി കണക്കില്‍ കാണിച്ചു. CMRL നെതിരെ ആദായ നികുതി വകുപ്പും വാദം സമര്‍പ്പിച്ചു. നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും CMRL ന്റെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു.ഇതോടെ CMRL ന്മേലുള്ള കുരുക്ക് മുറുകുകയാണ്.





