
RSS നേതാവ് അശ്വിനികുമാര്‍ വധക്കേസ്; മൂന്നാം പ്രതി കുറ്റക്കാരന്‍; 13 പ്രതികളെ വെറുതെവിട്ടു
ആര്‍എസ്എസ് നേതാവ് അശ്വിനികുമാര്‍ വധക്കേസില്‍ 13 പ്രതികളെ വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. എം.വി.മര്‍ഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാര്‍ കൊല്ലപ്പെട്ട് 19 വര്‍ഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
മൂന്നാം പ്രതിയൊഴികെയുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് കോടതി വിധി പറഞ്ഞത്.അസീസ്(44), നൂഹുല്‍അമീന്‍(42), എം.വി.മര്‍ഷൂക്ക്(40), പി.എം.സിറാജ്(44), സി.പി.ഉമ്മര്‍(42), എം.കെ.യൂനുസ്(45), ആര്‍.കെ.അലി(47), പി.കെ.ഷമീര്‍(40), കെ.നൗഫല്‍(41), ടി യാക്കൂബ്(43), മുസ്തഫ(49), ബഷീര്‍(55), കെ.ഷമ്മാസ്(37), കെ.ഷാനവാസ്(37) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു.
ഒന്നാം പ്രതി അസീസ് നേരത്ത ആയുധപരിശീലന കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. 10,11 പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകനായ ദിലീപന്‍ വധക്കേസിലെ പ്രതികളാണ്. പുന്നാട് 27 വയസായിരുന്നു കൊല്ലപ്പെടുമ്പോള്‍ അശ്വനി കുമാറിന് പ്രായം. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്. ഇരിട്ടി പ്രഗതി കോളേജ് അധ്യാപകനായിരുന്നു അശ്വനി കുമാര്‍. 2005 മാര്‍ച്ച് പത്തിന് രാവിലെ പത്തരയോടെയായിരുന്നു കൊലപാതകം.
കണ്ണൂരില്‍ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു അശ്വനി കുമാര്‍. പയ്യഞ്ചേരി മുക്കില്‍ വെച്ച് അക്രമി സംഘം ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടര്‍ന്നെത്തിയ സംഘവും ചേര്‍ന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബസിന്റെ മുന്നിലും പുറകിലും ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു കൊലപാതകം. കൊലയാളികളില്‍ നാലുപേര്‍ ബസിലും മറ്റുള്ളവര്‍ ജീപ്പിലുമാണെത്തിയത്. അശ്വിനി കുമാറിനെ വധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായി. പി കെ മധുസൂദനന്റെ നേതൃത്വത്തില്‍ ക്രൈബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. 2009 ജൂലൈ 31-ന് കുറ്റപത്രം സമര്‍പ്പിച്ചു. 2020-ലാണ് വിചാരണ ആരംഭിച്ചത്.
Home Breaking News RSS നേതാവ് അശ്വിനികുമാര്‍ വധക്കേസ്; മൂന്നാം പ്രതി കുറ്റക്കാരന്‍; 13 പ്രതികളെ വെറുതെവിട്ടു.





