സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്ത് അയ്യപ്പഭക്തി സംഗമം അനന്തപുരിക്ക് വിസ്മയമായി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സംഗമത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത.് ഉച്ചയ്ക്ക് പ്രസിദ്ധ സംഗീതജ്ഞന്‍ കെ.ജി.ജയന്‍ അവതരിപ്പിച്ച അയ്യപ്പഭക്തി കീര്‍ത്തനങ്ങളോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു.മാതാ അമൃതാനന്ദമയി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
മനുഷ്യജീവിതം പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്നും ആചാരാനുഷ്ടാനങ്ങളുടെ ലംഘനങ്ങള്‍ ധര്‍മ്മച്യുതിയ്ക്ക് വഴിവയ്ക്കുമെന്നും അമൃതാനന്ദമയി പറഞ്ഞു.ഹൈന്ദവ ധര്‍മ്മങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അവര്‍ ഉദ്‌ബോധിപ്പിച്ചു. മാതാ അമൃതാനന്ദമയിയെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ആദ്ധ്യാത്മിക ആചാര്യന്മാരുടെ സംഗമവും പുത്തരിക്കണ്ടം മൈതാനത്ത് കാണാന്‍ കഴിഞ്ഞു.ചിദാനന്ദപുരി സ്വാമി, സ്വാമിനി ജ്ഞാനഭനിഷ്ഠ, കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമി, ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍.കുമാര്‍, ടി.പി.സെന്‍കുമാര്‍, ശ്രീരാമകൃഷ്ണമഠം സ്വാമി ഗോലോകാനന്ദ, ബോധിതീര്‍ഥ സ്വാമി, ഗുരുരത്നം ജ്ഞാനതപസ്വി, സി.പി.നായര്‍, വിവിധ സമുദായസംഘടനാ ഭാരവാഹികളായ എം.സംഗീത്കുമാര്‍, ടി.വി.ബാബു, സതീഷ് പദ്മനാഭന്‍, ഡോ. പ്രദീപ് ജ്യോതി, സൂര്യന്‍ പരമേശ്വരന്‍, സൂര്യകാലടി ഭട്ടതിരിപ്പാട്, മോഹന്‍ ത്രിവേണി, കെ.കെ.രാധാകൃഷ്ണന്‍ കൊല്ലം തുളസി,സംവിധായകന്‍ വിജി തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭക്തരാണ് സംഗമത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും.
സംഗമത്തിന്റെ ഭാഗമായി മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്ന് നാമജപ ഘോഷയാത്രകള്‍ ആരംഭിച്ച് എല്‍എംഎസ് ജംഗ്ഷനില്‍ സംഗമിക്കുകയും പിന്നീട് പുത്തരിക്കണ്ടം മൈതാനിയിലേക്ക് എത്തിച്ചേരുകയുംചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാമജപയാത്രകള്‍ കിഴക്കേകോട്ടയില്‍ ഒത്തുചേര്‍ന്നതോടെ അയ്യപ്പ ഭക്ത സംഗമത്തിന് ഔപചാരിക തുടക്കമായി.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കര്‍മ്മ സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത്.







