Home Politics കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയനാടകങ്ങള്‍; നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന; റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍...

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയനാടകങ്ങള്‍; നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന; റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചു

1
0

ബംഗളുരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്. രമേഷ് ജാര്‍കിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമത്തഹള്ളി എന്നിവരാണ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഇവര്‍ നാല് പേരും ബി.ജെ.പിയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് ബി. നാഗേന്ദ്രയും ഉമേഷും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനായില്ലെന്നാണ് ബി. നാഗേന്ദ്രയുടെ വിശദീകരണം. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഉമേഷ് വിട്ടുനിന്നത്. രമേഷ് ജാര്‍കിഹോളി, മഹേഷ് കുമത്തഹള്ളി എന്നിവര്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

അതേസമയം ഉമേഷ് ജാദവ് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെങ്കിലും ഇയാള്‍ കൂറുമാറാന്‍ തന്നെയാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് കലബുര്‍ഗി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ മത്സരിക്കാന്‍ ബി.ജെ.പി ഉമേഷ് ജാദവിനെയാണ് പരിഗണിക്കുന്നത്.

നാല് എം.എല്‍.എമാര്‍ വിട്ടുനിന്നതോടെ കൂടുതല്‍ വിമത നീക്കമുണ്ടായേക്കുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്.

അതിനിടെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാര്‍ തമ്മില്‍ വാക്കു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ബിഡദിയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ജെ എന്‍ ഗണേഷ്, ആനന്ദ് സിംഗ് എന്നിവര്‍ തമ്മിലാണ് ഇന്ന് പുലര്‍ച്ചെ വാക്കേറ്റമുണ്ടായത്. ആനന്ദ് സിംഗ് ബെംഗലൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടി. വാക്കേറ്റത്തിനിടെ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. ഗണേഷ് ബിജെപിയുമായി സഹകരിക്കുന്നു എന്ന ആനന്ദ് സിംഗിന്റെ ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നാണ് അഭ്യൂഹം.

എന്നാല്‍ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആനന്ദ് സിംഗ് ചികിത്സ തേടിയതെന്നും എം എല്‍ എമാര്‍ തമ്മില്‍ യാതൊരു വിഭാഗീയതയുമില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരുമായി കെ സി വേണുഗോപാല്‍ ഇന്ന് പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍ കഴിയുകയായിരുന്ന ബി.ജെ.പി എം.എല്‍.എമാര്‍ ശനിയാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ശക്തമാക്കിയതോടെയാണ് തങ്ങളുടെ പക്ഷത്ത് നിന്ന് ആരും കൂറുമാറാതിരിക്കാന്‍ ബി.ജെ.പി എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here