Home Breaking News അന്ധവൃദ്ധനെ സുരക്ഷിതനായി യാത്രയാക്കിയ സുപ്രിയക്ക് ജോയ് ആലുക്കാസിന്റെ സ്വപ്‌നവീട്

അന്ധവൃദ്ധനെ സുരക്ഷിതനായി യാത്രയാക്കിയ സുപ്രിയക്ക് ജോയ് ആലുക്കാസിന്റെ സ്വപ്‌നവീട്

2
0

കൊച്ചി: കുറച്ച് ദിവസങ്ങളായി സുപ്രിയയാണ് സോഷ്യൽ മീഡിയയിലെ താരം. തിരക്കിനിടയിൽ പെട്ട് ദിക്കറിയാതെ വിഷമിച്ച അന്ധനായ ഒരു വൃദ്ധനെ കെഎസ്ആർടിസി ബസിൽ കൈപിടിച്ച് കയറ്റിയ ആ ദൃശ്യം ഇപ്പോഴും ആളുകൾ കാണുകയും ഓരോ ദിവസവും സുപ്രിയയെ തേടി അഭിനന്ദനങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. താൻ ചെയ്തത് ഇത്ര വലിയ കാര്യമാണോയെന്ന് അത്ഭുതപ്പെടുന്ന തിരുവല്ല ജോളി സിൽക്ക്‌സിലെ ജീവനക്കാരിയായ സുപ്രിയയെ തേടി വലിയൊരു സർപ്രൈസാണ് ഇന്നലെ വന്നെത്തിയത്. ഈ ദൃശ്യം കണ്ട സ്ഥാപനത്തിന്റെ ഉടമ ജോയ് ആലുക്കാസ് സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ തൃശൂരുള്ള ഹെഡ് ഓഫീസിൽ വിളിച്ചുവരുത്തി അനുമോദിച്ചിരുന്നു. ഒരു സർപ്രൈസ് സമ്മാനം തരുമെന്ന് അന്ന് ജോയ് ആലുക്കാസ് അറിയിച്ചിരുന്നെങ്കിലും ഇ്ത്ര വലിയ സർപ്രൈസ് ആവുമെന്ന് സുപ്രിയ സ്വപ്‌നത്തൽപോലും കരുതിയിരുന്നില്ല. സുപ്രിയ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച സമ്മാനം തന്നെ അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നു.
‘സമൂഹമാധ്യമത്തിൽ വീഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. എന്നാൽ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂർ ഹെഡ് ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മനസിലെ നന്മ കൈവിടരുതെന്നാണ് സാർ അന്ന് പറഞ്ഞത്. എനിക്കൊരു സർപ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ സ്വപ്‌നമായ നല്ല ഒരു വീടായിരിക്കുമെന്ന് കരുതിയില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയത്. ‘സുപ്രിയ പറഞ്ഞു
നിസ്സാരമെന്നു കരുതി ചെയ്ത ആ കാര്യത്തിന് ജീവിതത്തോളം വിലയുണ്ടെന്നും സാർ ഓർമ്മിപ്പിച്ചു. ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് ആ നന്മയിൽ കണ്ണിയാകാൻ ദൈവം എന്നെ തിരഞ്ഞെടുത്തതെന്നും സാർ പറഞ്ഞു.സുപ്രിയക്ക് സന്തോഷം അടക്കാനാവുന്നില്ല. മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്ക്‌സിൽ ജോലി ചെയ്യുന്ന സുപ്രിയ സുരേഷ് തിരുവല്ല തൂലശ്ശേരി സ്വദേശിയാണ്. ഭർത്താവ് അനൂപും വൈഗാലക്ഷ്മി,അശ്വിൻ എന്നിങ്ങനെ രണ്ട് കുട്ടികളും അടങ്ങുന്നതാണ് സുപ്രിയയുടെ കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here