
കലോത്സവപരിശീലകരായ 1334 കലാകാരന്മാർ ചേർന്ന് ടൊഡാക്ക് (TODAK) വാട്‌സ് ആപ്പ് ഗ്രൂപ്പിന് രൂപംകൊടുത്തു. അവശതയനുഭവിക്കുന്ന സഹപ്രവർത്തകർക്ക് സഹായമെത്തിക്കുന്നതോടൊപ്പം കലാകാരന്മാരുടെ പൊതുവായ ക്ഷേമകാര്യങ്ങൾ പരസ്പര സഹകരണമനോഭാവത്തോടെ നിർവ്വഹിച്ചുകൊണ്ടായിരിക്കും ഈ കൂട്ടായ്മയുടെ പ്രവർത്തനം.
ക്യാൻസർരോഗത്തിന്റെ പിടിയിൽപെട്ട് അവശതയനുഭവിക്കുന്ന കണ്ണൂർ സ്വദേശിനി ജലജ ടീച്ചർക്കും, നിലമ്പൂർ സ്വദേശിനി ഇന്ദ്രാണി ടീച്ചർക്കും അടിയന്തിര സഹായമായി 54,000 രൂപ സമാഹരിച്ചുകൊണ്ടാണ് ഈ കൂട്ടായ്മ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. പതിറ്റാണ്ടുകളോളം നൃത്തവേദികളിലും നൃത്തപരിശീലനരംഗത്തും ജീവിതം സമർപ്പിച്ച അതുല്യകലാകാരികളായ ജലജ ടീച്ചറും ഇന്ദ്രാണി ടീച്ചറും ഇന്ന് മരുന്നും ഭക്ഷണവുമുൾപ്പെടെ ദൈനംദിനാവശ്യങ്ങൾക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ കണ്ണീരൊപ്പിക്കൊണ്ട് പ്രവർത്തനം തുടങ്ങുകയെന്ന ജീവകാരുണ്യപരമായ തീരുമാനം ഈ കൂട്ടായ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി കൈക്കൊണ്ടത്.
1334 അംഗങ്ങളിൽനിന്ന് പിരിച്ചെടുത്ത 54,000 രൂപ ഈ രണ്ട് നൃത്താദ്ധ്യാപകർക്ക് തുല്യമായി വീതിച്ചുനൽകുകയാണ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ടൊഡാക്ക് അഡ്‌ഹോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി വിശ്വൻ തിരൂർ, ട്രഷറർ ഡോ: അനിൽ പുത്തലത്ത്, ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ കോഴിക്കോട്, വൈസ് പ്രസിഡന്റുമാരായ കലാമണ്ഡലം വനജാരാജൻ (കരിവെള്ളൂർ, കണ്ണൂർ), നിർമ്മലാദേവി (പഴയങ്ങാടി, കണ്ണൂർ), ടൊഡാക്ക് അഗങ്ങളായ രാജൻ കരിവള്ളൂർ, കലാമണ്ഡലം സിന്ധുജ കണ്ണൂർ എന്നിവരടങ്ങിയ സംഘം ജലജ ടീച്ചർക്ക് കണ്ണൂർ ചാലാട് മണലിലുള്ള അവരുടെ വീട്ടിലെത്തി 27,000 രൂപയുടെ സഹായധനം സമ്മാനിച്ചു. അടുത്ത ദിവസംതന്നെ ഇന്ദ്രാണി ടീച്ചർക്കും ഇതേ തുക സമ്മാനിക്കും.
തൊഴിലില്ലാതെ കലാകാരന്മാർ ഒന്നടങ്കം ദാരിദ്ര്യത്തിലും, പട്ടിണിയിലും കഴിയുന്ന ഈ ലോക്ഡൗൺ കാലത്തും ഇത്രയും തുക സംഭാവന നൽകിയ അംഗങ്ങൾക്ക് അഡ്‌ഹോക്ക് കമ്മിറ്റിക്ക് വേണ്ടി
പ്രസിഡണ്ട് കലാമണ്ഡലം ഗോപാശാൻ, ജനറൽ സെക്രട്ടറി: വിശ്വൻ തിരൂർ, ട്രഷറർ: ഡോ: അനിൽ പുത്തലത്ത് എ്ന്നിവർ കൃതജ്ഞത അറിയിച്ചു.








