Home Breaking News അന്വേഷണം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്കും നീങ്ങും

അന്വേഷണം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്കും നീങ്ങും

1
0

സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്

തിരുവനന്തപുരം: കോവിഡ് ലോകത്തും രാജ്യത്തും അസാധാരണ സാഹചര്യം ഉയർത്തിയതുപോലെ സിപിഎം അസാധാരണ സാഹചര്യത്തിൽ അകപ്പെട്ടിരിക്കുകയാണ്. അസാധാരണമായ നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയൂ.
സ്വർണ്ണക്കള്ളക്കടത്തും പിഡബ്ല്യുസി ഉൾപ്പെടെയുള്ള ആഗോള കൺസൽട്ടൻസി നിയമനങ്ങളും സർക്കാരിനെയും പാർട്ടിയെയും അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. എൻഐഎ പിടിയിൽ അകപ്പെട്ട സ്വപ്‌നയെ നിയമിച്ചത് പിഡബ്ല്യുസിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞ സർക്കാർ ഇപ്പോൾ നേരിടുന്ന ചോദ്യം പിഡബ്ല്യുസിയെ നിയമിച്ചത് ആരാണെന്നാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ കസ്റ്റംസിന്റെയും എൻഐഎയുടെയും രണ്ടു ഘട്ട ചോദ്യം ചെയ്യൽ നേരിട്ടുകഴിഞ്ഞു. മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചിയിലെത്താൻ നോട്ടീസും നൽകിക്കഴിഞ്ഞു. ഈ ചോദ്യം ചെയ്യലിൽ ശിവശങ്കർ വീണ്ടും വിട്ടയക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഈ ഐഎഎസ് ഉദ്യോഗസ്ഥനെ എൻഐഎ അറസ്റ്റ് ചെയ്താൽ സർക്കാരും പാർട്ടിയും അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാകും.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഏതുനിമിഷവും അന്വേഷണ ഏജൻസി എത്തുമെന്നത് ഉറപ്പായിക്കഴിഞ്ഞു. കള്ളക്കടത്ത് നടന്ന ദിവസങ്ങളിലെ അടക്കം സിസിടിവി ദൃശ്യങ്ങൾ സർക്കാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. ഇടിമിന്നൽ ഉണ്ടായെങ്കിലും സിസിടിവി ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി ഇന്നലെ നൽകിയത്. ഇടിമിന്നലിൽ സ്വിച്ചിന് തകരാർ സംഭവിച്ചത് അറിഞ്ഞപ്പോൾ എല്ലാം കിട്ടി എന്ന മട്ടിലായിരുന്നു ചിലർ. ഇപ്പോൾ അവർ വീണിടത്തു കിടന്ന് ഉരുളുകയാണ്. എൻഐഎ അന്വേഷണം ശരിയായ ദിശയിലാണ്. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത് ശ്രദ്ധയിൽപെടുത്തിയപ്പോൾ ശരിയായിരിക്കാം എന്നുപറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെല്ലാം മോഹം കാണുമെന്നാണ് മറുപടി പറഞ്ഞത്.
ആദ്യ ഘട്ടത്തിൽ പിഡബ്ല്യുസി നിയമനത്തെ വിമർശിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ നിലപാട് തിരുത്തി. ചില വികസന പ്രവർത്തനങ്ങൾക്ക് കൺസൾട്ടൻസികളെ നിയമിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും പിഡബ്ല്യുസിയുമായുള്ള കരാറുകൾക്ക് തുടക്കമിട്ടത് ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ്. 4500 കോടിയുടെ ഇമൊബിലിറ്റി കരാറിൽ കോടികൾ കമ്മിഷൻ ലഭിക്കുമെന്ന് എല്ലാവർക്കും അറിയാം. എൻഐഎ പിഡബ്ല്യുസിയുടെ കൺസൾട്ടൻസി നിയമനത്തെക്കുറിച്ചും പരിശോധിക്കും. പിഡബ്ല്യുസിയുടെ ഡയറക്ടർ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയിലെയും ഡയറക്ടറാണ്. അങ്ങനെ വരുമ്പോൾ അന്വേഷണം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്കും നീങ്ങും. ശിവശങ്കർ ഐടി സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്തെങ്കിലും സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെടും.
ശിവശങ്കറിന് പിന്നാലെ സെക്രട്ടറിയേറ്റിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കൂടി കൺസൾട്ടൻസി നിയമനങ്ങളിൽ പങ്കാളികളാണ്. അവരിൽ നിന്നും എൻഐഎക്ക് തെളിവെടുക്കേണ്ടി വരും. സ്വർണ്ണക്കള്ളക്കടത്തിൽ തുടങ്ങിയ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കും വ്യാപിക്കുകയാണ്. പിണറായി സർക്കാർ അധികാരമേറ്റ ശേഷം കൊണ്ടുവന്ന റീബിൽഡ് കേരള, പ്രവാസി വകുപ്പിന്റെ കീഴിൽ ആരംഭിച്ച സ്വപ്‌ന പദ്ധതി തുടങ്ങി എല്ലാ ഇടപാടുകളും പരിശോധനക്ക് വിധേയമാകും.
ശിവശങ്കറിനെ എൻഐഎ അറസ്റ്റ് ചെയ്താൽ അതിനെ തുടർന്നായിരിക്കും കരാർ നിയമനങ്ങളെക്കുറിച്ചും കോടികളുടെ പദ്ധതിയെക്കുറിച്ചും ഇതിൽ നിന്നെല്ലാം സാമ്പത്തിക നേട്ടം സ്വപ്‌നയ്ക്കും ശിവശങ്കറിനും ഉണ്ടായോ എന്ന കാര്യവും പുറത്തുവരിക.
സ്വപ്‌നയിൽ തുടങ്ങി മുഖ്യമന്ത്രിയുടെ മകളിലേക്ക് പോലും അന്വേഷണം എത്തുകയാണെങ്കിൽ സിപിഎമ്മിന് നേതൃമാറ്റത്തെക്കുറിച്ച് പോലും ചിന്തിക്കേണ്ടി വരും. അടുത്ത ദിവസങ്ങളിൽ ചേരാനിരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനം സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. സ്പ്രിംഗ്ലർ ഇടപാട് പുറത്തുവന്നപ്പോൾ ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോവിഡ് എന്ന അസാധാരണ സാഹചര്യത്തിൽ എടുത്ത അസാധാരണ നടപടിയാണെന്ന് പറഞ്ഞിരുന്നു. ആ പ്രയോഗം ഇപ്പോൾ അറംപറ്റിയിരിക്കുകയാണ്. പാർട്ടിയും സർക്കാരും നേരിടുന്നത് അസാധാരണ സാഹചര്യത്തിൽ കുറഞ്ഞ മറ്റൊന്നല്ല.

കൺസൽട്ടൻസികൊള്ളയുടെ പങ്കു പറ്റാൻ ആർത്തിയോടെ

ശിവശങ്കറിന് പുറമെ പിഡബ്ല്യുസി അടക്കമുള്ള കൺസൽട്ടൻസികളെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ട്രാൻസ്‌പോർട്ട് സെക്രട്ടറി കെആർ ജ്യോതിലാലും സംശയത്തിന്റെ നിഴലിൽ അകപ്പെട്ടിരിക്കുകയാണ്. പിഡബ്ല്യുസി നടത്തിയ എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ഉത്തരവിട്ട ചീഫ് സെക്രട്ടറി തന്നെ നെതർലാന്റ് കമ്പനിക്ക് വഴിവിട്ട് കൺസൾട്ടൻസി നൽകാൻ ഉത്തരവിട്ടത് അദ്ദേഹത്തെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
ഇതിനുപുറമെയാണ് ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ തസ്തികകളിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ രണ്ടുപേരെ നിയമിച്ചത്. ഇവർ രണ്ടുപേരും സർക്കാർ മുദ്ര പതിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്നത് നേരത്തെ വിവാദമായിരുന്നു. മിന്റ് എന്ന പ്ലേസ്‌മെന്റ് കമ്പനി വഴിയാണ് ഇവരെ തിരഞ്ഞെടുത്തത്. നിയമനം നൽകിയതാകട്ടെ ചീഫ് സെക്രട്ടറി നേരിട്ടാണ്. ഇവരുടെ പ്രവർത്തനം വിലയിരുത്താനുള്ള ഉത്തരവാദിത്തവും ചീഫ് സെക്രട്ടറിയിൽ മാത്രം നിക്ഷിപ്തമാണെന്നാണ് ഉത്തരവിൽ പറയുന്നത്. മിന്റ് ശുപാർശ ചെയ്ത 90ഓളം ആളുകളെ പല തസ്തികകളിൽ എടുത്തിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഹൗസ് കീപ്പിംഗ് ജോബ് കൺസൾട്ടൻസിയാണ് മിന്റ്. അവർക്ക് കഴിഞ്ഞ മാസം പ്രതിഫലമായി നൽകിയിരിക്കുന്നത് 19 ലക്ഷം രൂപയാണ്. ഇതിനുപുറമെയാണ് നിയമനം ലഭിച്ചവർക്കുള്ള വേതനം.
എല്ലാ കരാർ നിയമനങ്ങളും അന്വേഷിക്കാൻ ഉത്തരവിട്ട ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന ലീഡറെയും ഡെപ്യൂട്ടി ലീഡറെയും കുറിച്ചുള്ള അന്വേഷണവും ചീഫ് സെക്രട്ടറി നടത്തേണ്ടിവരും. ഇതിനുപുറമെയാണ് മുഖ്യമന്ത്രിക്ക് നെതർലാന്റിൽ വിരുന്നൊരുക്കിയ നെതർലാന്റ് കമ്പനിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് എഴുതി നിയമം ലംഘിച്ച് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തത്. ചുരുക്കത്തിൽ സ്പ്രിംഗ്ലർ ഇടപാട് നടത്തിയ കേസായിരുന്നു ശിവശങ്കറിനെതിരെ ആദ്യം ഉയർന്നത്. അന്ന് ആ കരാറിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചു. നിയമവകുപ്പിന്റെയോ, ധനവകുപ്പിന്റെയോ, ആരോഗ്യവകുപ്പിന്റെയോ അനുമതിയില്ലാതെയായിരുന്നു സ്പ്രിംഗ്ലർ കരാർ ശിവശങ്കർ ഒപ്പിട്ടത്. ഹൈക്കോടതി ഇടപെട്ടതോടെ അത് നിലച്ചു. എന്നാൽ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ താൻ നേരിട്ടാണ് സ്പ്രിംഗ്ലർ കമ്പനിയുമായി കരാറുണ്ടാക്കിയതെന്ന് ശിവശങ്കർ അന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിപിഐ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിന് പിന്നാലെയാണ് ഇടിത്തീ പോലെ സ്‌പേസ് പാർക്കിൽ പ്രോജക്ട് മാനേജരായി ശിവശങ്കർ തന്നെ നിയമിച്ച സ്വപ്‌ന കള്ളക്കടത്ത് കേസിൽ കസ്റ്റംസിന്റെ പിടിയിലകപ്പെട്ടത്. അതോടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവും പുറത്തുവന്നു. തുടർന്നാണ് പിഡബ്ല്യുസിയുടെ പേരിലും സ്വപ്‌നയുടെ പേരിലും പോലീസ് കേസെടുത്തത്. ഇതിനെ തുടർന്നാണ് പിഡബ്ല്യുസിയുമായുള്ള കരാറുകളെല്ലാം റദ്ദാക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടത്. സമാന്തരമായി നിയമനത്തെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയും ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. പിഡബ്ല്യുസിയുമായി ബന്ധപ്പെട്ട ഇമൊബിലിറ്റിയും കെഫോണും അടക്കമുള്ള എല്ലാ കരാറുകളും റദ്ദാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ആദ്യം പ്രതികരിച്ചത് വ്യവസായ മന്ത്രി ഇപി ജയരാജനാണ്.

ഫോട്ടോ ക്യാപ്ഷൻ: എക്‌സാ ലോജിക് ചിക്കാഗോ ഡയറക്ടറും പ്രൈസ് വാട്ടർ കൂപ്പർഡയറക്ടറുമായ ജൈക്ക് ബാലകുമാറും എക്‌സാലോജിക് ബാംഗ്ലൂർ ഡയറക്ടർ വീണയും

LEAVE A REPLY

Please enter your comment!
Please enter your name here