തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടേതിന് സമാനമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികളുടെ ശമ്പളം ഇനി സ്പാർക്ക് വഴി വിതരണം ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവർക്കാൻ് ശമ്പളം സ്പാർക്ക് വഴി നൽകുക. ഇതു സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള സംവിധാനമാണ് സ്പാർക്ക. വേഗവും സുതാര്യതയും ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ ഭരണഘടനാ പദവിയിലുള്ളവരുടെ ശമ്പളബില്ലുകൾ സ്പാർക്ക് സംവിധാനത്തിന് പുറത്താണ്. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം സ്പാർക്ക് വഴിയാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ ശമ്പളത്തിനായി പ്രത്യേക സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. പുതിയ തീരുമാന പ്രകാരം പ്രൈവറ്റ് സെക്രട്ടറിമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശമ്പള ബില്ലുകൾ സ്പാർക്കിൽ തയ്യാറാക്കും. തുടർന്ന് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യും.