Home National ആ നിലവിളി നിലച്ചിട്ട് 6 വര്‍ഷം; നിര്‍ഭയയുടെ ഓര്‍മകള്‍ ഇന്നും രാജ്യത്തെ വേട്ടയാടുന്നു

ആ നിലവിളി നിലച്ചിട്ട് 6 വര്‍ഷം; നിര്‍ഭയയുടെ ഓര്‍മകള്‍ ഇന്നും രാജ്യത്തെ വേട്ടയാടുന്നു

1
0

ന്യൂഡല്‍ഹി: ഇന്ത്യയുടെ നെഞ്ചിലൂടെ ഒരു പെണ്‍കുട്ടിയുടെ നിലവിളി പാഞ്ഞുപോയ ദിവസം 2012 ഡിസംബര്‍ 16. ആറു വര്‍ഷം തികയുകയാണ് ആ പേടിപ്പെടുത്തുന്ന രാത്രിക്ക്. ഡല്‍ഹിയില്‍ ബസില്‍ വച്ചു ക്രൂരമായ പീഡനത്തിനിരയായി മരിച്ച ‘നിര്‍ഭയ’യുടെ ഓര്‍മകള്‍ ഇന്നും രാജ്യത്തെ വേട്ടയാടുന്നതാണ്. ആ പെണ്‍കുട്ടിയുടെ അമ്മയും പറയുന്നു ‘എന്റെ മകള്‍ക്കു നീതി കിട്ടിയിട്ടില്ല. അത്രയും നികൃഷ്ടമായ കുറ്റകൃത്യം നടത്തിയവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ പരാജയമാണിത്…’.
ഇക്കഴിഞ്ഞ ജൂലൈയില്‍ പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനു പിന്നാലെ എത്രയും പെട്ടെന്നു കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികളാണു പ്രതീക്ഷിക്കുന്നതെന്ന് ആശാദേവി വ്യക്തമാക്കിയിരുന്നു. ഇതു രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആശ്വാസം പകരുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കുറ്റവാളികളെ എത്രയും പെട്ടെന്നു തൂക്കിലേറ്റണമെന്ന ഹര്‍ജി ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണു ഹര്‍ജി നല്‍കിയത്.
വധശിക്ഷ നടപ്പിലാക്കാന്‍ വരുന്ന കാലതാമസം ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുന്നിലുള്ള എല്ലാ തടസ്സങ്ങളും മറികടന്നു സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുന്നതാണു നിര്‍ഭയ ഇന്നും നമ്മുടെ മനസ്സിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരേയൊരു വഴിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. വനിതകള്‍ക്കു ജീവിക്കാന്‍ ഏറ്റവും അനുയോജ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് ഓരോരുത്തരും മുന്‍കയ്യെടുക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തു. നിര്‍ഭയയുടെ ഓര്‍മയില്‍ ബിജെപി നേതൃത്വത്തില്‍ ഞായറാഴ്ച രാംലീല മൈതാനത്ത് റാലി സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here