ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിര്‍ത്തിവച്ചിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ ട്രെയിന്‍ സര്‍വീസ് സംഝോത എക്സപ്രസ് ഇന്ന് മുതല്‍ വീണ്ടും ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റയില്‍വെ അറിയിച്ചു. ട്രെയിന്‍ പാകിസ്ഥാനില്‍ തിങ്കളാഴ്ച എത്തിച്ചേരും. തുടര്‍ന്ന് മടക്ക സര്‍വീസും നടത്തും. പാകിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ മോചിപ്പിച്ചതിന് പിന്നാലെയാണ് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്.
പാകിസ്ഥാനാണ് ആദ്യം സര്‍വീസ് നിര്‍ത്തിവച്ചത്. ഇതിന് പിന്നാല ഫെബ്രുവരി 28ന് ഇന്ത്യയും സര്‍വീസ് നിര്‍ത്തിവച്ചു. ഇന്ത്യയില്‍ നിന്നുള്ള ട്രെയിന്‍ ഡല്‍ഹിയില്‍നിന്ന് അട്ടാരി വഴി ലാഹോറിലേക്കും പാകിസ്ഥാനില്‍ നിന്നുള്ള ട്രെയിന്‍ ലാഹോറില്‍ നിന്ന് വാഗവഴിയുമാണ് സര്‍വീസ് നടത്തുന്നത്.
1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും ഏര്‍പ്പെട്ട ഷിംല കരാറിന്റെ അടിസ്ഥാനത്തിലാണ് 1976ല്‍ സംഝോത എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.







