Home Breaking News ‘ഏഴാം ക്ലാസില്‍ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികള്‍ക്ക് അഭിമാനം

‘ഏഴാം ക്ലാസില്‍ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികള്‍ക്ക് അഭിമാനം

1
0

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയാണ് പാര്‍വതി സിവില്‍ സര്‍വീസസ് വിജയിച്ചത്. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാര്‍വതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തില്‍ ആയത്‌കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ. 2010 ലുണ്ടായ വാഹനാപകടത്തിലാണ് അമ്പലപ്പുഴ സ്വദേശി പാര്‍വതിക്ക് വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് ഇടതുകൈകൊണ്ട് എഴുതി ശീലിച്ചു. ഇടതുകൈകൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോള്‍ ഐഎഎസ് നേടിയതും. ജീവിതത്തില്‍ പാര്‍വതി പഠിച്ച പാഠം നിശ്ചയദാര്‍ഢ്യത്തെ ഒന്നിനും തോല്‍പ്പിക്കാനാകില്ല എന്നതാണ്. ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുടര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്. പഠനത്തില്‍ മിടുക്കിയായ പാര്‍വതി രണ്ടാമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. ആദ്യ ശ്രമത്തില്‍ പ്രിലിമിനറി കടമ്പ പോലും കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ശ്രമത്തില്‍, ഭിന്നശേഷിക്കാരിയെന്ന പരിഗണനയോടെ ഐഎഎസ് പദവിയിലെത്താനാകുമെന്നാണ് പാര്‍വതിയും കുടുംബവും പ്രതീക്ഷിക്കുന്നത്. ലിസ്റ്റില്‍ പേര് പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര നല്ല റാങ്ക് പ്രതീക്ഷിച്ചില്ലെന്നും പാര്‍വതി പറഞ്ഞു. ഒന്നുമുതല്‍ 12 വരെ സര്‍ക്കാര്‍ സ്‌കൂളിലാണ് പാര്‍വതി പഠിച്ചത്. വേഗക്കുറവ് ഉണ്ടായിരുന്നതിനാല്‍ സിവില്‍ സര്‍വീസ് പരീക്ഷ വലിയ കടമ്പയായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. ജീവിതത്തിലെ വലിയ തിരിച്ചടികളില്‍ പതറാതെ മനക്കരുത്ത് കൈമുതലാക്കി ഐഎഎസ് നേടിയ പാര്‍വതിയുടെ നേട്ടം മലയാളികള്‍ക്കും അഭിമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here