അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് അക്രമണത്തിനു മുന്നില്‍ പതറിയ ഓസീസ് ബാറ്റ്സ്മാന്‍മാരെ ഉപദേശിച്ച് കോച്ച് ജസ്റ്റിന്‍ ലാംഗര്‍.
ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍ തന്റെ ബാറ്റ്സ്മാന്‍മാരോട് പറഞ്ഞ വാക്കുകളാണ് ലാംഗര്‍ ഇപ്പോഴത്തെ ഓസീസ് താരങ്ങളെ ഓര്‍മ്മിപ്പിച്ചത്. കഴിഞ്ഞ 13 ടെസ്റ്റ് ഇന്നിങ്സുകളില്‍ ഒരു തവണ മാത്രമാണ് ഓസീസ് സ്‌കോര്‍ 300 കടന്നത്. ഈ സാഹചര്യത്തിലാണ് കോച്ചിന്റെ ഉപദേശം. ഓസീസ് ബാറ്റ്സ്മാന്‍മാര്‍ അവരുടെ ആക്രമണോത്സുകത നിയന്ത്രിക്കണമെന്നും ബൗളര്‍മാരെ കടന്നാക്രമിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ലാംഗര്‍ ചൂണ്ടിക്കാട്ടി.
‘അലന്‍ ബോര്‍ഡര്‍ എപ്പോഴും പറയാറുണ്ട്, ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ സമയമുണ്ടാകും, നിങ്ങള്‍ക്ക് എത്രനേരം വേണമെങ്കിലും ബാറ്റ് ചെയ്യാം, നമ്മുടെ യുവതാരങ്ങള്‍ക്കുള്ള ഒരു പ്രധാന സന്ദേശം ഇതാണ്’, ലാംഗര്‍ ഓര്‍മ്മിപ്പിച്ചു. ക്ഷമയോടെ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കുക എന്നതാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അടിസ്ഥാനപരമായി ചെയ്യേണ്ടതെന്നും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. കോലി തന്റെ 34 റണ്‍സിനായി 120 പന്തുകളോളം നേരിട്ടത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അതേസമയം രണ്ടാം ടെസ്റ്റ് നടക്കുന്ന പെര്‍ത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പേസും ബൗണ്‍സും കൂടിയ പിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.






