Home Latest News in Kerala കണ്ണൂര്‍ കോട്ടയിലെ നിലച്ചുപോയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പുനരാരംഭിക്കും

കണ്ണൂര്‍ കോട്ടയിലെ നിലച്ചുപോയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പുനരാരംഭിക്കും

2
0

കണ്ണൂര്‍: ചരിത്രസ്മരണകളുറങ്ങുന്ന കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വികസനസമിതി യോഗത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള മറുപടിയിലാണ് ഡിടിപിസി ഇക്കാര്യം അറിയിച്ചത്. പ്രവൃത്തി ഏകദേശം പൂര്‍ത്തിയായതായും ഈമാസം ഒമ്പതിന് ട്രയല്‍ റണ്‍ നടത്തുമെന്നും ഡിടിപിസി അറിയിച്ചു. പയ്യാമ്പലം പാത്ത് വേ നിര്‍മാണം 15നകം പൂര്‍ത്തിയാക്കുമെന്നും ഡിടിപിസി വ്യക്തമാക്കി. 2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ ഒരു ദിവസം മാത്രമാണ് പ്രദര്‍ശനം നടത്തിയത്. തെലുങ്കാനയിലെ ഗൊല്‍ക്കൊണ്ട കോട്ട, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയപുര്‍ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോര്‍ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ചുവടുപിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്. ടൂറിസം വകുപ്പിന്റെ 3.88 കോടി രൂപ ചെലവിലായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തില്‍നിന്ന് തുടങ്ങുന്ന നടപ്പാതയില്‍ തുറസായ സ്ഥലത്തിനോടു ചേര്‍ന്നുള്ള കോട്ടയുടെ ചുമരില്‍ വെളിച്ച-ശബ്ദ സംവിധാനത്തിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം വിവരിക്കുന്നതായിരുന്നു പ്രദര്‍ശനം. ഒരേസമയം 250 പേര്‍ക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു. കണ്ണൂരിന്റെ പൈതൃകം കവരാനെത്തുന്നവരോട് പോര്‍ച്ചുഗീസുകാര്‍ കണ്ണൂരിലെത്തുന്നത് മുതലുള്ള ചരിത്രം പ്രതിപാദിക്കുന്നതിനൊപ്പം അറയ്ക്കല്‍, ചിറക്കല്‍, കണ്ണൂരിന്റെ പാരന്പര്യം, കോലത്തിരി നാടിന്റെ പെരുമ, ബ്രിട്ടീഷുകാരുടെ വരവ്, പഴശി പോരാട്ടം, സ്വാതന്ത്ര്യസമര പോരാട്ടം എന്നിവയെല്ലാം പങ്കുവയ്ക്കുന്ന രീതിയിലാണ് ഷോ. ഒടുവില്‍ കോട്ടയുടെ പൈതൃകം കവരാനെത്തിയവര്‍ മാനസാന്തരപ്പെട്ടു സ്വയം കോട്ടയുടെ കാവലാളുകളായി മാറുന്ന രീതിയിലുള്ളതാണ് പ്രദര്‍ശനം. ആധുനിക സജ്ജീകരണങ്ങളായ മള്‍ട്ടി മീഡിയ സ്‌കാനിംഗ്, ലേസര്‍ പ്രോജക്ടുകള്‍ എന്നിവ സമര്‍ത്ഥമായി വിനിയോഗിച്ചായിരുന്നു അവതരണം. 56 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഷോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ മമ്മൂട്ടിയും നടി കാവ്യാ മാധവനുമായിരുന്നു. വിഷ്വല്‍ ഇഫക്ടിനു പുറമെ 7.1 സൗണ്ട് സിസ്റ്റമായിരുന്നു ഉപയോഗിച്ചത്. എന്നാല്‍ പദ്ധതി ആരംഭിച്ചതിനു പിന്നാലെ നിലച്ചതില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here