Home Kerala കനോലിയില്‍ വനംവകുപ്പ് സഞ്ചാരികളെ കൊള്ളയടിക്കുന്നു

കനോലിയില്‍ വനംവകുപ്പ് സഞ്ചാരികളെ കൊള്ളയടിക്കുന്നു

6
0

 

 

നിലമ്പൂര്‍: വനംവകുപ്പിന് കീഴിലുള്ള ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കനോലി പ്ലോട്ടില്‍ വനം വകുപ്പ് സഞ്ചാരികളെ കൊള്ളയടിക്കുന്നു. കോവിഡ് ഇളവനുസരിച്ച് അടച്ചിട്ടിരുന്ന കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും മഴ ശക്തമാകുകയും കാലാവസ്ഥയില്‍ കാര്യമായ മാറ്റം വരികയും ചെയ്തതോടെ ജില്ലാ കളക്ടര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് ഒന്നും കാണിക്കാനില്ലാതെ തന്നെ വന്‍ തുകയാണ് പ്രവേശന ഫീസായി വാങ്ങുന്നത്. കനോലി പ്ലോട്ടിലേക്ക് പ്രവേശിക്കാന്‍ ഒരാളില്‍ നിന്ന് 40 രൂപയാണ് വാങ്ങുന്നത്. എന്നാല്‍ കാണാനോ കുറച്ച് വനപ്രദേശം മാത്രവും. 1846ല്‍ മലബാര്‍ കളക്ടര്‍ ആയിരുന്ന എച്ച്.വി.കനോലിയുടെ നിര്‍ദശ പ്രകാരം വനം കണ്‍സര്‍വേറ്ററായ ചാത്തുമേനോന്റെ നേതൃത്വത്തിലാണ് നിലന്പൂരില്‍ ചാലിയാറിനക്കരെ ഏതാനും ഏക്കര്‍ സ്ഥലത്ത് തേക്ക് മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. ലോകത്തിലെ തന്നെ മനുഷ്യനിര്‍മിതമായ ആദ്യതേക്ക് തോട്ടമാണിത്. ഇതൊരു പ്രത്യേക സംരക്ഷിത വനമായാണ് വനംവകുപ്പ് സംരക്ഷിച്ചു പോരുന്നത്. ഇതിലേക്ക് പോകാന്‍ ചാലിയാറിന് കുറുകെ വനംവകുപ്പ് ഒരു തൂക്കുപാലം നിര്‍മിച്ചിട്ടുണ്ട്. തൂക്കുപാലം കടന്ന് കനോലി പ്ലോട്ടിലേക്ക് നിരവധി സഞ്ചാരികളാണ് ദിവസവും എത്തുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഒരു വര്‍ഷം ഇതിലൂടെ വനംവകുപ്പിന് വരുമാനമായി ലഭിക്കുന്നത്. എന്നാല്‍ 2019ലെ പ്രളയത്തില്‍ ഈ തൂക്കുപാലം തകര്‍ന്നിരുന്നു. പാലം പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ നടന്നുവരുന്നതേയുള്ളു. പാലം തകര്‍ന്നതോടെ സഞ്ചാരികള്‍ക്ക് കനോലി പ്ലോട്ടിലേക്ക് പോകാന്‍ മാര്‍ഗമില്ലാതെയായി. വനംവകുപ്പിന്റെ വരുമാനവും നിലച്ചു. പിന്നീട് ഒരു ജങ്കാര്‍ ഉപയോഗിച്ച് സഞ്ചാരികളെ അക്കരെയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ഈ വര്‍ഷകാലത്തെ മഴയും മറ്റും കണക്കാക്കി പുഴയില്‍ ജങ്കാര്‍ ഇറക്കുന്നതും സഞ്ചാരികളെ കടത്തുന്നതും ജില്ലാ ഭരണകൂടം നിയന്ത്രിച്ചു. ഇതോടെ ഫലത്തില്‍ കനോലി പ്ലോട്ടിലേക്ക് പോകാന്‍ കഴിയാതെയായി. എന്നാല്‍ വനംവകുപ്പ് വിനോദ സഞ്ചാരികളെ കൊള്ളയടിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. കാഴ്ചകളൊന്നും കാണാനില്ലാത്ത കനോലിയിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് 40 രൂപ പ്രവേശന ഫീസായി വാങ്ങുകയാണ്. സ്ഥലത്തെത്തുന്‌പോഴാണ് സഞ്ചാരികള്‍ അക്കരെ പോകാന്‍ കഴിയില്ലെന്നറിയുന്നത്. പിന്നെ വന്ന സ്ഥിതിക്ക് ടിക്കറ്റെടുത്ത് പരിസരങ്ങളെല്ലാം ഒന്ന് ചുറ്റിക്കറങ്ങി പോകുകയാണ് ചെയ്യുന്നത്. നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ജങ്കാര്‍ ഇറക്കാനാവാത്തതെന്നും ജങ്കാര്‍ ഉടന്‍ ഇറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നോര്‍ത്ത് ഡിഎഫ്ഒ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here