പയ്യാവൂര്‍ : കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വര്‍ധിക്കുന്ന കാട്ടാന ശല്യം തടയാന്‍ ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകള്‍ നിര്‍മിക്കുന്ന സൗരോര്‍ജ തൂക്കുവേലിയുടെ ( സോളാര്‍ ഹാഗിങ് ഫെന്‍സിങ്) ആദ്യഘട്ട പ്രവൃത്തി ബുധനാഴ്ച തുടങ്ങും. ശാന്തിനഗര്‍, കാഞ്ഞിരക്കൊല്ലി പാടാംകവല, ചന്ദനക്കാംപാറ ആടാംപാറ എന്നിവിടങ്ങളിലെ ഇടവക വികാരിമാര്‍ ചെയര്‍മാന്മാരും വാര്‍ഡംഗങ്ങള്‍ കണ്‍വീനര്‍മാരുമായി രൂപീകരിച്ച പ്രാദേശിക സമിതികള്‍ ഇതിനുള്ള ഒരുക്കം തുടങ്ങി. 55 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയില്‍ ജില്ലാ പഞ്ചായത്തും പയ്യാവൂര്‍ പഞ്ചായത്തും 25 ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് ഫണ്ട് അനുവദിച്ചത്. ശാന്തിനഗറിലെ ആനപ്പാറ മുതല്‍ വഞ്ചിയം വരെയുള്ള 16 കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി നിര്‍മിക്കുന്നത്. ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് 50 മീറ്റര്‍ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളില്‍ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ നിശ്ചിത അകലത്തില്‍ താഴേക്ക് തൂക്കിയിട്ടാണ് നിര്‍മാണം. തൂക്കുവേലിയുടെ ലൈന്‍ കടന്നു പോകേണ്ട മാര്‍ഗത്തിലെ കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവൃത്തിയാണ് പ്രദേശവാസികളെ പങ്കെടുപ്പിച്ച് നടത്തുന്നത്. ഓരോ പ്രദേശത്തെയും ഗുണഭോക്താക്കളായവര്‍ ഒത്തൊരുമയോടെ ശ്രമദാനത്തില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍, ടി എം ജോഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.







