നിലമ്പൂര്‍ : കാട്ടാനകളുടെ സഞ്ചാരപാതകള്‍ കണ്ടെത്തി സംരക്ഷിക്കാനുള്ള ആനത്താര പദ്ധതിക്ക് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കം. സംസ്ഥാനത്ത് ഏഴ് ആനത്താരകള്‍ നിര്‍മിക്കും. വനമേഖലകള്‍ക്കിടയില്‍ കാട്ടാനകളുടെ പരമ്പരാഗത പാതയാണ് ആനത്താര. വനംവകുപ്പിന്റെ ഭൂവിനിയോഗം വിഭാഗത്തിന്റെ ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതിക വിദ്യ (ജിഐഎസ്) ഉപയോഗിച്ച് പരിശോധിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്. നിലമ്പൂര്‍ -കോവിലകം- ന്യൂ അമരമ്പലം, നിലമ്പൂര്‍ അപ്പന്‍കാപ്പ്, തിരുനെല്ലി – കുദ്രക്കോട്, മുതുമല നിലമ്പൂര്‍ (ഒവാലി വഴി), ബേഗൂര്‍ ബ്രഹ്മഗിരി, കൊട്ടിയൂര്‍ പെരിയ, പെരിയ പക്രംതളം എന്നീ ആനത്താരകളാണ് നിര്‍മിക്കുക. നിലമ്പൂര്‍- കോവിലകം ന്യൂ അമരമ്പലം റിസര്‍വിലൂടെയുള്ള ആനത്താരയുടെ പ്രവൃത്തി തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായി. ഇത് കടന്നുപോകുന്ന കെഎന്‍ജി പാതയില്‍ ആന റോഡ് മുറിച്ചുകടക്കുന്ന ഭാഗങ്ങളില്‍ റാമ്പുകള്‍ (താഴ്ന്ന ഭാഗങ്ങളില്‍) സ്ഥാപിക്കുകയും ഉയര്‍ന്ന ഭാഗങ്ങളില്‍ മണ്‍തിട്ടകള്‍ നിരപ്പാക്കിയും റോഡിന്റെ പാര്‍ശ്വഭിത്തിയുടെ ഉയരം കുറച്ചും ആനകളുടെ സഞ്ചാരത്തിന് സൗകര്യമൊരുക്കി. ആനകള്‍ മുറിച്ചുകടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊതുജന അവബോധത്തിന് മുന്നറിയിപ്പ് ബോര്‍ഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. നിലമ്പൂര്‍–അപ്പന്‍കാപ്പ് ഇടനാഴി നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി പദ്ധതി തയ്യാറാക്കി. ആനത്താരക്ക് 0.4 കിലോമീറ്റര്‍ നീളവും 0.5 കിലോമീറ്റര്‍ വീതിയുമുണ്ട്. പദ്ധതിക്കായി പോത്തുകല്ല് വില്ലേജിലെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ആറ് എസ്റ്റേറ്റുകളില്‍നിന്നായി 22.8271 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. മുതുമല–നിലമ്പൂര്‍–ഒവാലി വഴിയുള്ള ആനത്താരക്കായി കേരളത്തിന്റെ ഭാഗംവരുന്ന പ്രദേശത്ത് സ്ഥലം ഏറ്റെടുക്കേണ്ടതില്ല. 35 കിലോമീറ്റര്‍ നീളവും 0.1 കിലോമീറ്റര്‍ വീതിയുമാണ് മുതുമല–നിലമ്പൂര്‍ ആനത്താരക്കുള്ളത്. പെരിയ പക്രതളം ആനത്താര 0.5 കിലോമീറ്റര്‍ നീളവും 0.2 കിലോമീറ്റര്‍ വീതിയിലുമാണ് നിര്‍മിക്കുക. സംസ്ഥാനത്താകെ 350 ഹെക്ടര്‍ സ്വകാര്യഭൂമി ആനത്താരകള്‍ക്കുമാത്രമായി ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വനംവകുപ്പ് കരുതുന്നത്. 100 മുതല്‍ 120 കോടി രൂപവരെ ചെലവ് വരും.








